മദ്യലഹരിയിൽ പാമ്പിനെ പിടികൂടി യുവാവ് നടക്കുന്ന ദൃശ്യങ്ങൾ നവാദ (ബിഹാർ) : മദ്യലഹരിയിൽ പാമ്പിനെ ചുംബിച്ച യുവാവ് കടിയേറ്റ് മരിച്ചു. നവാദ സ്വദേശി ദിലീപ് യാദവാണ് മരിച്ചത്. ബിഹാറിലെ നവാദ ജില്ലയിൽ ഗോവിന്ദ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. മദ്യലഹരിയിലായിരുന്ന ഇയാൾ പാമ്പിനെ കൈയിലെടുത്ത് ആവർത്തിച്ച് ചുംബിക്കുകയും കഴുത്തിൽ ചുറ്റി നൃത്തം ചെയ്യുകയുമായിരുന്നു.
ചുറ്റും കൂടി നിന്ന ആളുകൾ ഭയന്ന് നിലവിളിച്ചതോടെ യുവാവ് പാമ്പിനെ നിലത്തേക്കെറിഞ്ഞു. എന്നാൽ, പാമ്പിന്‍റെ പിടിവിട്ടതിന് പിന്നാലെ യുവാവ് കുഴഞ്ഞുവീഴുകയായിരുന്നു. പരിശോധിച്ചപ്പോള്‍, പാമ്പിനെ ചുംബിക്കുന്നതിനിടയിൽ യുവാവിന് കടിയേറ്റിരുന്നുവെന്ന് ആളുകൾ കണ്ടെത്തി. ഉടൻ ഇയാളെ അടുത്തുള്ള ഗോവിന്ദ്പൂർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
യുവാവ് മദ്യലഹരിയിലായിരുന്നുവെന്നും പലതവണ പാമ്പിനെ വിടാൻ ആവശ്യപ്പെട്ടിട്ടും ചെവിക്കൊണ്ടില്ലെന്നും നാട്ടുകാർ പറഞ്ഞു. മൃതദേഹം പോസ്റ്റുമോർട്ടത്തിനയച്ചുവെന്ന് ഗോവിന്ദ്പൂർ പൊലീസ് സ്റ്റേഷൻ ഇൻ ചാർജ് ശ്യാം പാണ്ഡെ അറിയിച്ചു.
സമാന സംഭവങ്ങൾ പലയിടത്തും:കർണാടകയിലെ ശിവമോഗയിൽ പാമ്പ് പിടിത്തക്കാരന് ഇത്തരത്തില്‍ മൂർഖന്‍റെ കടിയേറ്റിരുന്നു. പാമ്പിനെ പിടികൂടിയ ശേഷം മൂർഖന്‍റെ പത്തിയിൽ ചുംബിക്കുന്നതിനിടെയാണ് യുവാവിന്‍റെ ചുണ്ടിൽ കടിച്ചത്. ഭദ്രാവതി സ്വദേശി അലക്‌സിനാണ് പാമ്പുകടിയേറ്റത്. യുവാവിനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ രക്ഷപ്പെടുകയായിരുന്നു.
Also read:പത്തിയിൽ ഉമ്മ വയ്‌ക്കുന്നതിനിടെ പാമ്പ് പിടിത്തക്കാരന് മൂർഖന്‍റെ കടിയേറ്റു
കർണാടകയിലെ തുംകൂരുവിൽ റോഡിലൂടെ ഇഴഞ്ഞ് നീങ്ങുകയായിരുന്ന മൂർഖൻ പാമ്പിനെ മദ്യലഹരിയിലായിരുന്ന യുവാവ് പിടികൂടി കൈയിൽ ചുറ്റി നടന്നു. പാമ്പ് പലതവണ ഇയാളുടെ കൈയിൽ കടിച്ചിട്ടും അതിനെ വിട്ടയക്കാൻ യുവാവ് തയ്യാറായില്ല. തുംകുരു സ്വദേശിയായ സലീമാണ് പാമ്പുമായി പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചത്.
വീണ്ടും പാമ്പ് കടിക്കാൻ ശ്രമിച്ചതോടെ ഇയാൾ പിടിവിടുകയും പാമ്പ് ഇഴഞ്ഞുനീങ്ങുകയും ചെയ്‌തു. പിന്നാലെ പാമ്പ് പിടിത്തക്കാരൻ സ്ഥലത്തെത്തി മൂർഖനെ പിടികൂടി ദേവരായനദുർഗ വനത്തിൽ വിട്ടു. പാമ്പുകടിയേറ്റ സലീമിനെ നാട്ടുകാർ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇയാൾ അവിടെ നിന്നും ഓടി രക്ഷപ്പെട്ടു. പിന്നീട് ഇയാളെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല.
Also read:VIDEO | മദ്യപിച്ച് ബോധമില്ലാതെ മൂർഖനെയും കൈയിൽ ചുറ്റി യുവാവ് ; കടി കിട്ടിയിട്ടും പിടിവിടാതെ റോഡിലൂടെ നടത്തം
ആന്ധ്രാപ്രദേശിലെ നെല്ലൂരിൽ മൂർഖൻ പാമ്പിനൊപ്പം സെൽഫി എടുക്കുന്നതിനിടെ കടിയേറ്റ് യുവാവ് മരിച്ചിരുന്നു. നെല്ലൂർ സ്വദേശി ജഗദീഷാണ് പാമ്പുകടിയേറ്റ് മരിച്ചത്. സെൽഫി പകർത്തുന്നതിനിടെ കൈപ്പത്തിയിൽ കടിയേൽക്കുകയായിരുന്നു.
തെലങ്കാനയിൽ പാമ്പിനെ കഴുത്തിലിട്ട് ചുംബിച്ച് ഫോട്ടോയ്‌ക്ക് പോസ് ചെയ്യുന്നതിനിടെ യുവാവിന് കടിയേറ്റിരുന്നു. മഹാരാഷ്ട്ര സ്വദേശിയായ ആകാശ് എന്ന മുപ്പതുവയസുകാരനാണ് പാമ്പ് കടിയേറ്റത്. അതിവേഗം ആശുപത്രിയിലെത്തിച്ചതിനാല്‍ ഇയാള്‍ രക്ഷപ്പെട്ടു.
കർണാടകയിൽ ശിവമോഗയിൽ മറ്റൊരു സംഭവത്തില്‍, പാമ്പ് പിടിത്തക്കാരനായ യുവാവിന് അതിനെ ചുംബിക്കാൻ ശ്രമിക്കുന്നതിനിടെ കടിയേറ്റിരുന്നു. യുവാവിന്‍റെ ചുണ്ട് പാമ്പ് കടിച്ചെടുക്കുകയായിരുന്നു. പാമ്പ് പിടിത്തക്കാരനായ സോനുവിനാണ് കടിയേറ്റത്.
Also read:യുവാവ് പാമ്പിനെ ചുംബിച്ചു; ചുണ്ട് കടിച്ചെടുത്ത് പാമ്പ്
പാമ്പ് കടിയേറ്റത് തിരിച്ചറിയാൻ : പാമ്പ് കടിയേറ്റാൽ കാഴ്‌ചയിൽ വലിയ മുറിവുകളോ പാടുകളോ കാണണമെന്നില്ല. വിഷപ്പാമ്പുകൾ കടിച്ചാൽ അടുത്തടുത്തായി രണ്ട് പല്ലുകളുടെ പാടുകൾ ഉണ്ടാകും.
Also read:'കടിച്ച പാമ്പിനെ കൊണ്ട് വിഷം ഇറക്കണോ?' അറിയണം പാമ്പു കടിയേറ്റല്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതും
ലക്ഷണങ്ങൾ എന്തൊക്കെ ? പാമ്പ് കടിയേറ്റാൽ തളർച്ച, ഛർദി എന്നിവയാണ് ആദ്യ ലക്ഷണങ്ങൾ. ഉഗ്ര വിഷമാണ് ഉള്ളിൽ ചെന്നതെങ്കിൽ കണ്ണിന്‍റെ കാഴ്‌ച മങ്ങുകയും ശരീരം തളരുകയും ചെയ്യും. അണലിയാണ് കടിച്ചതെങ്കിൽ കടിയേറ്റ ഭാഗത്ത് കഠിനമായ വേദനയും തടിപ്പും അനുഭവപ്പെടും. വായിൽ നിന്നും മൂക്കിൽ നിന്നും രക്തസ്രാവം ഉണ്ടാകും. ചികിത്സ വൈകുംതോറും തലച്ചോറിലും ശ്വാസകോശത്തിലും വൃക്കയിലും രക്തസ്രാവം ഉണ്ടാകും.
പാമ്പുകടിയേറ്റാൽ ചെയ്യരുതാത്തത്: സ്വയം ചികിത്സ അരുത്. കടിയേറ്റ ഭാഗത്തിന് മുകളിലായി ചരട് മുറുക്കി കെട്ടരുത്. അങ്ങനെ ചെയ്യുന്നത് ആ ഭാഗത്തേക്കുള്ള രക്തയോട്ടം തടസപ്പെടാനിടയാക്കും. മുറിവ് വലുതാക്കി രക്തം വലിച്ച് കളയരുത്. ഇത് അവസ്ഥ കൂടുതൽ വഷളാക്കും. കടിച്ച പാമ്പിനെ കൊണ്ട് വിഷം ഇറക്കുക എന്ന തരത്തിലുള്ള അന്ധവിശ്വാസങ്ങളുടെ പിറകെ പോകുകയും ചികിത്സ വൈകിപ്പിക്കുകയും ചെയ്യരുത്. പരിഭ്രമിക്കരുത്, ഓടാനും ശ്രമിക്കരുത്. ഇത് രക്തയോട്ടം വേഗത്തിലാക്കുകയും വിഷം ഹൃദയത്തിലും മറ്റും എത്താൻ കാരണമാവുകയും ചെയ്യും.
ഉടൻ ചെയ്യുക: കടിയേറ്റ ഭാഗത്ത് ആഭരണങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ അവ അഴിച്ചുമാറ്റുക. മുറിവിൽ നിന്ന് രക്തം വരുന്നുണ്ടെങ്കിൽ വൃത്തിയുള്ള തുണി ഉപയോഗിച്ച് മുറിവ് കെട്ടി വെക്കുക. കടിയേറ്റ ആളെ ഉടൻ ആന്‍റിവെനം ലഭ്യമാകുന്ന ആശുപത്രിയിൽ എത്തിച്ച് ചികിത്സ ലഭ്യമാക്കുക. കടിയേറ്റതിന് ശേഷം കാണിച്ച ലക്ഷണങ്ങൾ തെറ്റാതെ ഒപ്പമുണ്ടായിരുന്നവർ ഡോക്‌ടറെ അറിയിക്കുക.