വിശാഖപട്ടണം(ആന്ധ്രാപ്രദേശ്):അമിതമായി മദ്യപിച്ച് പൊലീസ് ഉദ്യോഗസ്ഥരെയടക്കം മർദിച്ച യുവതി പിടിയിൽ. വിശാഖപട്ടണം ബീച്ച് റോഡിലാണ് സംഭവം. നഗരത്തിലെ ഓൾഡ് ഡയറി ഫാം പ്രദേശത്ത് താമസിക്കുന്ന അമ്മു എന്ന എം. ശ്രീലതയാണ്(24) പിടിയിലായത്. പരസ്യമായി മദ്യപിക്കുന്നത് കണ്ട് ചോദ്യം ചെയ്ത പൊലീസുകാരെ ഇവർ അസഭ്യം പറയുകയും മർദിക്കുകയുമായിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.
ബീച്ച് റോഡിൽ വൈഎംസിഎയ്ക്ക് സമീപം രാത്രി പതിനൊന്നരയോടെയാണ് യുവതി പരസ്യമായി മദ്യപിക്കുന്നത് ശ്രദ്ധയിൽ പെട്ടതെന്ന് പൊലീസ് പറഞ്ഞു. ബ്രീത്ത് അനലൈസർ പരിശോധനയിൽ യുവതി അമിതമായി മദ്യപിച്ചതായി കണ്ടെത്തി. തുടർന്ന് ഇത് ചോദ്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥരെ യുവതി അസഭ്യം പറയുകയും എഎസ്ഐ സത്യനാരായണയെ ചവിട്ടുകയും ചെയ്തു.