റായ്‌പൂർ: മദ്യലഹരിയില്‍ ഭര്‍ത്താവിനെ കോടാലി കൊണ്ട് തലയ്‌ക്കടിച്ച് കൊലപ്പെടുത്തി ഗര്‍ഭിണി. ഛത്തീസ്‌ഗഢിലെ കാങ്കർ ജില്ലയിലെ റായ് ഗ്രാമത്തിലാണ് സംഭവം. സാഗരം പര്‍ച്ചാപിയാണ് (35) കൊല്ലപ്പെട്ടത്. 30കാരിയായ മന്‍കി പര്‍ച്ചാപിയാണ് പ്രതി.
ജൂലൈ 16നാണ് യുവതി ഭര്‍ത്താവിനെ ആക്രമിച്ചതെന്ന് പൊലീസ് അറിയിച്ചു. ആക്രമണത്തില്‍ പരിക്കേറ്റ ഇയാളെ നാല് ദിവസം ഇവര്‍ വീട്ടില്‍ വച്ച് ചികിത്സയ്‌ക്ക് വിധേയനാക്കി. തുടര്‍ന്ന് ജൂലൈ 19നാണ് ഇയാള്‍ മരണപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. പ്രതി ഇയാളുടെ മൃതദേഹം സംസ്‌കാരിക്കാനുള്ള ശ്രമം നടത്തുന്നതിനിടെയാണ് സംഭവം പുറത്തറിയുന്നതെന്നും അന്വേഷണ സംഘം കൂട്ടിച്ചേര്‍ത്തു.
സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്‌തിട്ടുണ്ട്. കൊല്ലപ്പെട്ട സാഗരം പര്‍ച്ചാപിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി അയച്ചിരിക്കുകയാണ്. കോടാലി ഉപയോഗിച്ചാണ് പ്രതി കൃത്യം നടത്തിയതെന്നും ഇവര്‍ നേരത്തെ തന്നെ മദ്യാസക്തി ഉണ്ടായിരുന്ന വ്യക്തിയാണെന്നും അന്വേഷണത്തില്‍ തെളിഞ്ഞതായി അംബേഡ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ ജിതേന്ദ്ര സാഹു വ്യക്തമാക്കി.
ആക്രമണത്തിലേക്കെത്തിയ തര്‍ക്കം:ജൂലൈ 16ന് വൈകുന്നേരം അഞ്ച് മണിയോടെ ആയിരുന്നു സാഗരം പര്‍ച്ചാപി വീട്ടിലേക്ക് എത്തിയത്. ഈ സമയം, മദ്യലഹരിയില്‍ ആയിരുന്നു ഭാര്യ മന്‍കി പര്‍ച്ചാപി. ഭാര്യ മദ്യപിച്ചത് മനസിലാക്കിയ ഇയാള്‍ ഇവരുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടു.
തുടര്‍ന്ന്, ക്ഷുഭിതയായ മൻകി കോടാലി ഉപയോഗിച്ച് ഭര്‍ത്താവിന്‍റെ തലയ്‌ക്ക് അടിക്കുകയായിരുന്നു. ആക്രമണത്തില്‍ ഗുരുതരമായാണ് സാഗരം പര്‍ച്ചാപിയ്‌ക്ക് പരിക്കേറ്റത്. പിടിക്കപ്പെടുമോ എന്ന ഭയം ഉണ്ടായിരുന്നത് കൊണ്ട് ഇവര്‍ ഭര്‍ത്താവിനെ ആശുപത്രിയില്‍ എത്തിക്കാന്‍ തയ്യാറായില്ല.