ന്യൂഡൽഹി :എയര്‍ ഇന്ത്യ വിമാനത്തിൽ യാത്രക്കാരിയുടെ മേൽ സഹയാത്രികൻ മൂത്രമൊഴിച്ച മറ്റൊരു സംഭവം കൂടി പുറത്ത്. 2022 ഡിസംബർ ആറിന് പാരിസ് - ഡൽഹി എയർ ഇന്ത്യ ഫ്ലൈറ്റ് 142ലാണ് സംഭവം. യാത്രക്കാരിയുടെ പുതപ്പിന് മേൽ സഹയാത്രികൻ മൂത്രമൊഴിക്കുകയായിരുന്നു.
ഇയാൾ മദ്യപിച്ചിരുന്നു. രാവിലെ 9.40ന് വിമാനം ഡൽഹിയിൽ ലാൻഡ് ചെയ്‌തതോടെ പൈലറ്റ് ഈ വിഷയം ഇന്ദിരാഗാന്ധി ഇന്‍റർനാഷണൽ എയർപോർട്ടിലെ എയർ ട്രാഫിക് കൺട്രോളിൽ റിപ്പോർട്ട് ചെയ്യുകയായിരുന്നു. യാത്രക്കാരന്‍ മദ്യലഹരിയിലായിരുന്നുവെന്നും ക്യാബിൻ ക്രൂവിന്‍റെ നിർദേശങ്ങൾ പാലിച്ചില്ലെന്നും പൈലറ്റ് ഉദ്യോഗസ്ഥരെ ധരിപ്പിച്ചു.
പിന്നാലെ അതിക്രമം നടത്തിയ യാത്രക്കാരനെ സിഐഎസ്എഫ് ഉദ്യോഗസ്ഥർ പിടികൂടി. എന്നാൽ രണ്ട് യാത്രക്കാരും പരസ്പരം ഒത്തുതീർപ്പിന് തയാറായതോടെ ഇയാളെ വിട്ടയച്ചു. അക്രമി രേഖാമൂലം ക്ഷമാപണം നടത്തിയതിനാലും അതിക്രമത്തിന് ഇരയായ സ്‌ത്രീ പൊലീസ് കേസ് ഫയൽ ചെയ്യാൻ വിസമ്മതിച്ചതിനാലും ഒത്തുതീര്‍പ്പാവുകയായിരുന്നു.