ഹൈദരാബാദ്:കവർച്ച, പിടിച്ചുപറി എന്നിങ്ങനെ പല രീതിയിലുമുള്ള മോഷണകഥകൾ നാം ദിവസേന കേൾക്കാറുണ്ട്. എന്നാല്‍ ഏറെ വിചിത്രമായ ഒരു മോഷണ കഥയാണ് ഇപ്പോൾ സൈബർ ലോകത്തുൾപ്പടെ ചർച്ചയാകുന്നത്. ഡൽഹിയിൽ നിന്നുള്ള 30 കാരനായ അമിത് പ്രകാശിനാണ് ഈ അമളി സംഭവിച്ചത്.
ജോലിക്ക് ശേഷം തന്‍റെ കാറിൽ വിശ്രമിക്കാൻ ആയിരുന്നു അമിത് പ്രകാശിന്‍റെ പദ്ധതി. ഗുരുഗ്രാമിലെ തന്‍റെ ജോലി സ്ഥലത്തിന് സമീപം തന്നെ കാർ പാർക്ക് ചെയ്‌ത് അമിത് വൈകാതെ 'കുപ്പി'കളും പുറത്തെടുത്ത് 'പാർട്ടി'ക്ക് തുടക്കമിട്ടു. അങ്ങനെയിരിക്കെ അമിതിന്‍റെ സ്വകാര്യ പാർട്ടിയിലേക്ക് ക്ഷണിക്കപ്പെടാതെ, തീർത്തും അപരിചിതനായ ഒരു വ്യക്തി കടന്നുവന്നു.
തന്‍റെ ഒറ്റയ്‌ക്കുള്ള ബോറൻ പാർട്ടിയില്‍ ഒരു കമ്പനി കിട്ടിയ സന്തോഷത്തില്‍ അമിത് അജ്ഞാത അതിഥിയെ ഇരുകൈകളും നീട്ടി സ്വീകരിച്ചു. എന്നാല്‍ വിധി തനിക്കായി ദുഷ്‌കരമായ ഒരു ട്വിസ്റ്റ് കാത്തുസൂക്ഷിക്കുന്നുണ്ടെന്ന് അയാൾ അറിഞ്ഞിരുന്നില്ല. കളിച്ചും ചിരിച്ചും കഥകൾ പറഞ്ഞും പാർട്ടി കൊഴുത്തു.
അതേസമയം യഥാർഥ ട്വിസ്റ്റ് നടന്നത് പിന്നീടാണ്. അപരിചിതനായ അതിഥി പൊടുന്നനെയാണ് സ്റ്റിയറിംഗ് വീൽ കൈപ്പിടിയിലാക്കി തന്‍റെ യഥാർഥ പ്ലാനിന് തുടക്കമിട്ടത്. കാറിൽ നിന്ന് ഇറങ്ങാൻ വിനയപൂർവ്വം അയാൾ അമിതിനോട് ആവശ്യപ്പെട്ടു.
ലഹരിയുടെ ആലസ്യത്തില്‍ എതിർത്തൊന്നും പറയാതെ അപരിചിതന്‍റെ ആജ്ഞ അനുസരിച്ച അമിത് സ്വന്തം കാറില്‍ നിന്നും ഇറങ്ങി. ഈ തക്കത്തില്‍ അപരിചിതൻ കാറുമായി കടന്നുകളഞ്ഞു. സുഭാഷ് ചൗക്കിലെ വീഥിയില്‍ തനിച്ചായ അമിതിന് എന്നാല്‍ ഏറെ വൈകി മാത്രമാണ് തന്‍റെ കാർ മോഷ്‌ടിക്കപ്പെട്ടതായി തിരിച്ചറിവുണ്ടായത്.
കാറില്ലാത്തതിനാൽ, വീട്ടിലേക്ക് പോകാൻ അമിതിന് പൊതുഗതാഗത സംവിധാനത്തിന്‍റെ സഹായം തേടേണ്ടിവന്നു. വീട്ടിലെത്തി ബോധം വീണ്ടെടുത്തപ്പോഴണ് താൻ കബളിപ്പിക്കപ്പെട്ടതായി അയാൾ മനസിലാക്കിയത്. പിറ്റേന്ന് സെക്ടർ 65 പൊലീസ് സ്റ്റേഷനില്‍ എത്തി അമിത് പരാതിയും നല്‍കി.
അമിതിന്‍റെ കഥ കേട്ട് പൊലീസും ആദ്യം തെല്ലൊന്ന് അമ്പരന്നു. മോഷ്‌ടാവിന് സ്വന്തം കാർ കവർച്ച ചെയ്യാൻ അവസരമൊരുക്കി കൊടുക്കുകയും അതിന് സാക്ഷിയാവുകയും ചെയ്‌ത അമിതിന്‍റെ കഥ കേട്ട പൊലീസ് എന്നാല്‍ സമയമൊട്ടും പാഴാക്കാതെ ഇന്ത്യൻ പീനൽ കോഡിന്‍റെ (ഐപിസി) സെക്ഷൻ 379 പ്രകാരം കേസെടുത്തു. "അസാധാരണ കള്ളൻ" എന്നാണ് പൊലീസ് പ്രതിയെ വിശേഷിപ്പിച്ചത്.
പാർട്ടിക്കിടെ ഇരുവരും കുടിച്ചുതീർത്ത 20,000 രൂപ വിലയുള്ള വൈൻ ബോട്ടിലിനെ പറ്റിയും അമിത് പരാതിയിൽ പറയുന്നുണ്ട്. കടയുടമ 18,000 രൂപ തിരികെ നൽകിയതായാണ് ഇയാൾ പരാതിയില്‍ പറയുന്നത്. അതേസമയം അമിതിന്‍റെ സാഹസിക കഥ കാട്ടുതീ പോലെയാണ് സോഷ്യല്‍ മീഡിയയില്‍ പടർന്നത്.
സംഭവത്തില്‍ ട്വിറ്ററിലൂടെയും മറ്റും പ്രതികരണവുമായി നിരവധിപേർ രംഗത്തെത്തി. കഥ കേട്ട് ചിരിയടക്കാൻ കഴിയുന്നില്ലെന്നാണ് കൂടുതല്‍ പേരും പറയുന്നത്. ക്ലാസിക് കോമഡി സിനിമകളുമായി അമിതിന്‍റെ കഥയെ താരതമ്യം ചെയ്‌ത ഒരു ഉപയോക്താവ് കാദർ ഖാൻ- ഗോവിന്ദ ചിത്രത്തിലേത് പോലെയാണിതെന്ന് തമാശയായി സൂചിപ്പിച്ചു.
രോഹിത് ഷെട്ടിയുടെ അടുത്ത 'ഗോൾമാൽ' ചിത്രത്തിന് പ്രചോദനം നൽകിയതിന് അമിതിന് റോയൽറ്റി ലഭിക്കുമോ എന്നായിരുന്നു മറ്റൊരു ഉപയോക്താവിന്‍റെ ട്വീറ്റ്. അതേസമയം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് മോഷ്‌ടാവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഗുരുഗ്രാം പോലീസ്. അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും പ്രതിയെ ഉടൻതന്നെ പിടികൂടുമെന്നും പൊലീസ് വക്താവ് സുഭാഷ് ബോകെൻ അറിയിച്ചു.