ഹൈദരാബാദ്:മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നടി രാകുല്‍ പ്രീത് സിംഗ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്‍പാകെ ഹാജരായി. കേസുമായി ബന്ധപ്പെട്ട് സംവിധായകന് പുരി ജഗന്നാഥ്, നടി ചാര്‍മി എന്നിവരെ ഇഡി കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ടോളിവുഡിലെ 12 പേർക്കെതിരെയാണ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡി അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
പ്രമുഖര്‍ക്ക് നോട്ടീസ്
തെന്നിന്ത്യൻ നടൻ റാണാ ദഗുബാട്ടി, തെലുങ്ക് നടൻ രവി തേജ തുടങ്ങിയവര്‍ക്കും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി നോട്ടീസ് അയച്ചിട്ടുണ്ട്. ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കലിന്റെ തെളിവുകള്‍ ലഭിച്ച പശ്ചാത്തലത്തിലാണ് താരങ്ങളോട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരാകാൻ നിർദേശിച്ചിരിക്കുന്നത്.
2017ല്‍ മയക്കുമരുന്ന് പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട കേസില്‍ നാസ മുന്‍ ജീവനക്കാരനായ അമേരിക്കന്‍ പൗരന് ഉള്‍പ്പെടെ 20 ഓളം പേരാണ് അറസ്റ്റിലായത്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് തെലുങ്ക് ചലചിത്ര മേഖലയുമായി ബന്ധപ്പെട്ട പ്രമുഖരുടെ പേരുകള്‍ പുറത്ത് വന്നത്.