ഗുവാഹത്തി: മയക്ക് മരുന്നു കേസില്‍ കസ്റ്റഡിയിലിരിക്കെ കഠാര വീശി പൊലിസിനെ പരിക്കേല്‍പ്പിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പൊലീസ് വെടി വച്ചു. വെടി വയ്പ്പില്‍ പ്രതിയുടെ ഇരുകാലുകള്‍ക്കും കഠാര ആക്രമണത്തില്‍ ഒരു പൊലീസുക്കാരനും പരിക്കേറ്റു. ഇരുവരെയും നാഗോണ്‍ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മികച്ച ചികിത്സ നല്‍കുന്നതിനായി പ്രതിയെ ഗുവാഹത്തി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. മയക്ക് മരുന്നു വിതരണവുമായി ബന്ധപ്പെട്ട് ജില്ലയിലെ കോലിയബോര്‍ മേഖലയില്‍ നിന്ന് വെള്ളിയാഴ്‌ചയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 762 ഗ്രാം ഹെറോയിനും ഇയാള്‍ സഞ്ചരിച്ച വാഹനവും പൊലിസ് പിടിച്ചെടുത്തു.
മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടെ നേതൃത്വത്തിലുള്ള ബി ജെ പി സര്‍ക്കാറിന്‍റെ കാലത്ത് പൊലിസ് കസ്റ്റഡിയിലിരിക്കുന്ന പ്രതികളില്‍ 46 പേര്‍ മരിക്കുകയും 111 പേര്‍ക്ക് പൊലിസുകാരാല്‍ പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പൊലിസ് കൊലപാതകങ്ങളില്‍ ഏര്‍പ്പെടുകയാണെന്നാരോപിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ കസ്റ്റഡിയിലിരിക്കുന്ന പ്രതികള്‍ രക്ഷപ്പെടാനോ ആക്രമിക്കാനോ ശ്രമിച്ചാല്‍ അത് തടയുമ്പോള്‍ മരിക്കുകയും പരിക്കേല്‍ക്കുകയും ചെയ്യുന്നത് പുതിയ കാര്യമല്ലെന്ന് മാര്‍ച്ച് 28 അസം സര്‍ക്കാര്‍ സംസ്ഥാന നിയമസഭയെ അറിയിച്ചു.
also read:കൊലപാതക ശേഷം ഒളിവില്‍ കഴിഞ്ഞ പ്രതി അറസ്റ്റില്‍