ന്യൂഡൽഹി:പാർലമെന്‍റ് ബജറ്റ് സമ്മേളനത്തിന് മുന്നോടിയായിലോക്‌സഭയുടെയും രാജ്യസഭയുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്‌ത് രാഷ്ട്രപതി ദ്രൗപതി മുർമു. രാഷ്ട്രപതി ദ്രൗപദി മുർമുവിന്‍റെ ആദ്യ നയപ്രഖ്യാപന പ്രസംഗം കൂടിയാണ്. ഗവൺമെന്‍റിന്‍റെ നേട്ടങ്ങളും നയ മുൻഗണനകളും ഉയർത്തിക്കാട്ടുന്ന രാഷ്‌ട്രപതിയുടെ പ്രസംഗത്തോടെയാണ് 2023ലെ ബജറ്റ് സെഷൻ ആരംഭിച്ചത്.
രാജ്യത്ത് പൂർണ ദാരിദ്ര്യ നിർമാർജനം സാധ്യമാക്കണമെന്നും 2047ലേക്കുള്ള അടിത്തറ പണിയുകയാണെന്നും രാഷ്‌ട്രപതി നയപ്രഖ്യാപന പ്രസംഗത്തിൽ വ്യക്തമാക്കി. നമുക്ക് സ്വയം പര്യാപ്‌തമായ ഒരു ഇന്ത്യ ഉണ്ടാക്കണം. ഇന്ന് സംഭവിച്ച ഏറ്റവും വലിയ മാറ്റം ഓരോ ഇന്ത്യക്കാരന്‍റെയും ആത്മവിശ്വാസമാണ്. ഇന്ത്യയോടുള്ള ലോകത്തിന്‍റെ കാഴ്‌ചപ്പാട് മാറി എന്നതാണ്. ഒൻപത് വർഷത്തിനിടെ ഇന്ത്യയിലെ ജനങ്ങൾ ആദ്യമായി നിരവധി നല്ല മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ചു.
വികസനത്തിന്‍റെ കാലഘട്ടം: അമൃത് കാലിന്‍റെ 25 വർഷത്തെ കാലഘട്ടം സ്വാതന്ത്ര്യത്തിന്‍റെയും വികസിത ഇന്ത്യയെ കെട്ടിപ്പടുക്കാനുള്ള സമയത്തിന്‍റെയും സുവർണ്ണ കാലഘട്ടമാണ്. രാജ്യത്ത് എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനമുണ്ട്. അതിനാൽ നമ്മുടെ രാജ്യം ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറി.
ഒരുകാലത്ത് രാജ്യം മറ്റുള്ളവരെ ആശ്രയിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ മറ്റുള്ളവർ നമ്മുടെ അടുത്തേക്കെത്തുന്നു. ആധുനിക അടിസ്ഥാന സൗകര്യങ്ങൾ സ്വപ്‌നം കണ്ട ഒരു കാലമുണ്ടായിരുന്നു നമുക്ക്. എന്നാൽ ഇപ്പോൾ അത് യാഥാർഥ്യമായിക്കൊണ്ടിരിക്കുകയാണ്.
മുത്തലാഖ് നിരോധനം: ആർട്ടിക്കിൾ 370 നീക്കം ചെയ്യുന്നത് മുതൽ മുത്തലാഖ് നിർത്തലാക്കൽ വരെ ഈ സർക്കാർ എല്ലാ മേഖലകളിലും നിർണായക പങ്കാണ് വഹിച്ചത്. സുതാര്യവും സത്യസന്ധവുമായ സർക്കാരാണ് പ്രവർത്തിക്കുന്നത്. അഴിമതിക്കെതിരെ ശക്‌തമായ നിലപാടാണ് സർക്കാരിനുള്ളത്. സത്യസന്ധതയെ മാനിക്കുമെന്നും അഴിമതിക്കാർക്കെതിരെ ഒരു സഹതാപവും ഉണ്ടാകില്ലെന്നും ഉറപ്പ് നൽകിയിട്ടുണ്ട്.
സർക്കാർ സംവിധാനം സുതാര്യമാക്കുന്നതിനായി ടെൻഡർ ക്ഷണിച്ച് മൂന്ന് ലക്ഷം കോടിയിലധികം ഇടപാടുകൾ നടത്താൻ കഴിയുന്ന മാർക്കറ്റ് പ്ലേസ് ഉണ്ടാക്കിയിട്ടുണ്ട്. ഗുണഭോക്താക്കൾക്ക് നേരിട്ട് പ്രയോജനം ലഭിക്കുന്ന 300 പദ്ധതികളുണ്ട്. 'ഒരു രാജ്യം ഒരു റേഷൻ കാർഡ്', ജൻധൻ തുടങ്ങിയ ചില ശാശ്വത പരിഹാര പദ്ധതികൾക്കും രൂപം നൽകിയിട്ടുണ്ട്.
ഗരീബി ഹഠാവോ: ദാരിദ്ര്യത്തിന്‍റെ ഒരു പ്രധാന കാരണം രോഗമാണ്. ദരിദ്രരെ സംരക്ഷിക്കാൻ സൗജന്യ ചികിത്സയിലൂടെ 50 കോടിയിലധികം ആളുകൾക്ക് പ്രയോജനം ചെയ്യുന്ന 'ആയുഷ്‌മാൻ ബഹ്‌റത്ത്' അവതരിപ്പിച്ചു. 9,000 'ജൻ ഔഷധി' ഔട്ട്‌ലെറ്റുകൾ സ്ഥാപിച്ചതിലൂടെ പാവപ്പെട്ടവരുടെ 20,000 കോടിയോളം രൂപ ലാഭിക്കാൻ സഹായിച്ചു. ആയുഷ്‌മാൻ ഭാരത് വഴി ഒരു ലക്ഷം കോടിയോളം പാവപ്പെട്ട ജനങ്ങളെ സർക്കാർ സഹായിച്ചു.
ജൽ ജീവൻ മിഷൻ:കഴിഞ്ഞ 70 വർഷത്തിനിടെ 3.5 കോടി ആളുകൾക്ക് മാത്രമേ പൈപ്പ് കുടിവെള്ളം ലഭിച്ചിട്ടുള്ളൂ. എന്നാൽ ഈ മൂന്ന് വർഷത്തിനുള്ളിൽ 11 കോടിയിലധികം ആളുകൾക്ക് പൈപ്പ് കുടിവെള്ള വിതരണം വഴി പ്രയോജനം ലഭിച്ചു. എല്ലാവർക്കും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിനായി ജൽ ജീവൻ മിഷൻ ആരംഭിച്ചിട്ടുണ്ട്.