മെൽബൺ: കാപ്പിക്ക് പേര് കേട്ട സ്ഥലമായ ഓസ്‌ട്രേലിയയിലെ മെൽബൺ നഗരത്തിലുള്ളവരെ ചായ പ്രേമികളാക്കിയതിന് പിന്നിൽ ഒരു ഇന്ത്യക്കാരനാണ്. ബിബിഎ പഠിക്കാനാണ് ഓസ്‌ട്രേലിയയിൽ കോണ്ട സഞ്ജിത് എന്ന 22കാരൻ എത്തിയത്. എന്നാൽ ഇന്ന് മെൽബൺ നഗരത്തിലെ സഞ്ജിതിന്‍റെ മസാല ചായയും ബോംബെ കട്ടിങ് ചായയും അറിയാത്തവർ ചുരുക്കമായിരിക്കും.
സദാ തിരക്കേറിയ നഗരമാണ് സിബിഡിയിലെ (സെൻട്രൽ ബിസിനസ് ഡിസ്‌ട്രിക്‌റ്റ്) എലിസബത്ത് സ്‌ട്രീറ്റ്. സ്‌ട്രീറ്റിലേക്ക് നോക്കിയാൽ പെട്ടെന്ന് ആരെയും ആകർഷിക്കും വിധത്തിൽ ഒരു കടയുണ്ട്. കടയുടെ പേര് 'ഡ്രോപ്പ്ഔട്ട് ചായ്‌വാല'.
കടയിൽ നിന്നുയരുന്ന മസാല ചായയുടെയും സമൂസയുടെയും ഗന്ധം ഇന്ത്യക്കാരെയും ഓസ്‌ട്രേലിയക്കാരെയും ഒരുപോലെ കടയിലേക്ക് എത്തിക്കുന്നു. 'ഡ്രോപ്പ്ഔട്ട് ചായ്‌വാല' എന്ന സ്ഥാപനം ഒരു വർഷത്തിലേക്കടുക്കുമ്പോൾ സഞ്ജിത് സമ്പാദിക്കുന്നത് 5 കോടി രൂപയോളമാണ്. ആന്ധ്രാപ്രദേശിലെ നെല്ലോർ ജില്ലക്കാരനാണ് കോണ്ട സഞ്ജിത് (22).
ലാ ട്രോബ് യൂണിവേഴ്‌സിറ്റിയിൽ ബിബിഎ പഠിക്കാൻ എത്തിയ സഞ്ജിത് കോഴ്‌സ് പൂർത്തിയാക്കാനാകാതെ കോളജിൽ നിന്ന് ഡ്രോപ്പ്‌ഔട്ടായി. തോൽക്കാൻ തയ്യാറാകാതെ സഞ്ജിത് ജീവിതത്തിൽ പുതുതായി എന്തെങ്കിലും തുടങ്ങണമെന്ന് തീരുമാനിച്ചു. അങ്ങനെയാണ് 'ഡ്രോപ്പ്ഔട്ട് ചായ്‌വാല' എന്ന സംരംഭം ആരംഭിച്ചത്.
വിജയകഥ പങ്കുവച്ച് സഞ്ജിത്:ചെറുപ്പം മുതലെ ചായ വളരെ ഇഷ്‌ടമാണ്. അതുകൊണ്ടാണ് 'ഡ്രോപ്പ്ഔട്ട് ചായ്‌വാല' തുടങ്ങിയത്. ചായക്കട തുടങ്ങിയതിനെപ്പറ്റി പറഞ്ഞപ്പോൾ വീട്ടുകാർ ഞെട്ടി. അസ്രാർ എന്ന പ്രവാസി എന്‍റെ പ്രൊജക്‌ടിൽ വിശ്വസിച്ച് ഇൻവസ്റ്ററാകാമെന്ന് സമ്മതിച്ചു. അങ്ങനെ ചായ്‌വാല ആരംഭിച്ചുവെന്ന് സഞ്ജിത് പറഞ്ഞു.
അടുത്ത മാസം കട ആരംഭിച്ചിട്ട് ഒരു വർഷം തികയും. നികുതിക്ക് ശേഷമുള്ള ഞങ്ങളുടെ വരുമാനം 1 ദശലക്ഷം ഓസ്‌ട്രേലിയൻ ഡോളറാണ് (ഏകദേശം 5 കോടി രൂപ). ഇവിടത്തെ നമ്മുടെ ഇന്ത്യക്കാർക്ക് ബോംബെ കട്ടിങ് ചായ വളരെ ഇഷ്‌ടമാണ്. മസാല ചായ, പക്കോട എന്നിവയാണ് ഓസ്‌ട്രേലിയക്കാർക്ക് താത്പര്യം. രണ്ടാമത്തെ ഔട്ട്ലെറ്റ് ഉടൻ മെൽബണിൽ തുറക്കുമെന്നും സഞ്ജിത് പറഞ്ഞു.
സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ സഞ്ജിത്.