തിരുവനന്തപുരം: ഐഎഎസ് (കേഡർ) ഡെപ്യൂട്ടേഷൻ ചട്ടങ്ങളിൽ ഭേദഗതി കൊണ്ടുവരാനുള്ള കേന്ദ്ര നീക്കത്തിനെതിരെ സംസ്ഥാന സർക്കാർ. ഇത് സംബന്ധിച്ച് സംസ്ഥാന സർക്കാരിന്‍റെ അതൃപതി അറിയിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചു. അഖിലേന്ത്യ സിവിൽ സർവീസ് ഉദ്യോഗസ്ഥരെ സംസ്ഥാനങ്ങളുടെ അനുമതി ഇല്ലാതെ സ്ഥലം മാറ്റാൻ കേന്ദ്രത്തിന് അധികാരം നൽകുന്നതാണ് ഭേദഗതി.
നിലവിലെ ഡെപ്യൂട്ടേഷൻ ചട്ടങ്ങൾ കേന്ദ്ര സർക്കാരിന് അനുകൂലമാണെന്നും കൂടുതൽ ഭേദഗതി കൊണ്ടുവരുന്നത് കോപ്പറേറ്റിവ് ഫെഡറലിസത്തിന്‍റെ വേരുകളെ തന്നെ ദുർബലപ്പെടുത്തുമെന്നും പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഭേദഗതി അഖിലേന്ത്യ സിവിൽ സർവീസ് ഉദ്യോഗസ്ഥർക്കിടയിൽ ഭീതി ജനിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
'ഓൾ ഇന്ത്യ സർവീസസ് ഡെപ്യൂട്ടേഷൻ ചട്ടങ്ങളിലെ നിർദ്ദിഷ്ട ഭേദഗതികൾ സംസ്ഥാന സർക്കാരിന്‍റെ നയങ്ങൾ നടപ്പിലാക്കാൻ സിവിൽ സർവീസ് ഉദ്യോഗസ്ഥർക്കിടയിൽ ഭീതിയും മടിയും സൃഷടിക്കും,' മുഖ്യമന്ത്രി കത്തിൽ പറഞ്ഞു. നിർദിഷ്ട ഭേദഗതികൾ ഒഴിവാക്കണമെന്നാണ് കേരള സർക്കാരിന്‍റെ അഭിപ്രായമെന്നും പിണറായി വ്യക്തമാക്കി.