ന്യൂഡല്‍ഹി :അന്തരീക്ഷ വിവരങ്ങള്‍ ശേഖരിക്കാന്‍ ഡ്രോണുകള്‍ ഉപയോഗിക്കാന്‍ തീരുമാനിച്ച് ഐഎംഡി(India Meteorological Department). നിലവില്‍ സെന്‍സറുകള്‍ ഘടിപ്പിച്ച ഹൈഡ്രജന്‍ ബലൂണുകള്‍ പറത്തിയാണ് കാലാവസ്ഥ പ്രവചനത്തിനായുള്ള അന്തരീക്ഷ വിവരങ്ങള്‍ ശേഖരിക്കുന്നത്. കുറഞ്ഞത് രാജ്യത്തെ 55 കേന്ദ്രങ്ങളില്‍ നിന്ന് ഒരു ദിവസം രണ്ട് തവണ ഹൈഡ്രജന്‍ ബലൂണുകള്‍ പറത്തി ഐഎംഡി വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.
ടെലിമെട്രി ഉപകരണമായ റേഡിയോസോണ്ടില്‍ ഘടിപ്പിച്ചിരിക്കുന്ന സെന്‍സറുകള്‍ അന്തരീക്ഷ മര്‍ദ്ദവും, താപവും, കാറ്റിന്‍റെ ദിശയും അവയുടെ വേഗതയും രേഖപ്പെടുത്തുന്നു. എന്നാല്‍ ഹൈഡ്രജന്‍ ബലൂണുകള്‍ 12 കിലോമീറ്റര്‍ വരെ ഉയരത്തില്‍ ഉള്ളപ്പോഴേ റേഡിയോസോണ്ടില്‍ നിന്ന് ഈ വിവരങ്ങള്‍ അയക്കാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ നീരീക്ഷണ കേന്ദ്രത്തില്‍ നിന്ന് വളരെ കൂടുതല്‍ ദൂരം പലപ്പോഴും ഈ ബലൂണുകള്‍ പറന്നകലുന്നു. ഈ സാഹചര്യത്തില്‍ സെന്‍സറുകള്‍ ശേഖരിച്ച വിവരങ്ങള്‍ റിസീവറിലേക്ക് റേഡിയോസോണ്ടിന് അയക്കാന്‍ കഴിയാതെ പോകുന്നു.
ഇതിന് പരിഹാരമായാണ് ഡ്രോണുകള്‍ ഉപയോഗിച്ച് അന്തരീക്ഷ വിവരങ്ങള്‍ ശേഖരിക്കാനുള്ള പദ്ധതി ഐഎംഡി ആവിഷ്‌കരിക്കുന്നത്. പ്രത്യേകമായി നിര്‍മിച്ച ഡ്രോണുകളില്‍ സെന്‍സറുകള്‍ ഘടിപ്പിച്ചുള്ള അന്തരീക്ഷ വിവര ശേഖരണം വളരെ കാര്യക്ഷമമാണെന്ന് പല പഠനങ്ങളിലും തെളിഞ്ഞതാണ്. ഹൈഡ്രജന്‍ ബലൂണുകളെ അപേക്ഷിച്ച് ഡ്രോണുകളുടെ മെച്ചം പറക്കല്‍ നിയന്ത്രിക്കാം എന്നുള്ളതാണ്.