മുകളിൽ യുവാവുമായി കുതിക്കുന്ന കാർ ന്യൂഡൽഹി :ബൈക്കിലിടിച്ചതിനെ തുടര്‍ന്ന് അപകടമുണ്ടാക്കിയ കാറിന് മുകളിലേക്ക് തെറിച്ചുവീണ് യുവാവ്. ഇയാളുമായി കാര്‍ തലസ്ഥാന നഗരത്തിലൂടെ സഞ്ചരിച്ചത് 3 കിലോമീറ്റര്‍. നടുക്കുന്ന സംഭവത്തില്‍ യുവാവിന് ദാരുണാന്ത്യം. ഇതിന്‍റെ മൊബൈല്‍ ദൃശ്യം പുറത്തുവന്നിട്ടുണ്ട്.
കസ്‌തൂർബ ഗാന്ധി മാർഗിലാണ് അപകടമുണ്ടായത്. ഇടിച്ചപ്പോള്‍ ബൈക്കിലുണ്ടായിരുന്ന യുവാവ് കാറിന് മുകളില്‍ വീഴുകയായിരുന്നു. മൂന്ന് കിലോ മീറ്റർ ഇയാളുമായി കാർ മുന്നോട്ട് സഞ്ചരിക്കുകയും ശേഷം റോഡിൽ ഉപേക്ഷിച്ച് കടന്നുകളയുകയുമായിരുന്നു.
ഏപ്രിൽ 29 ന് രാത്രിയിലാണ് അപകടം ഉണ്ടായത്. ഡൽഹി സ്വദേശിയായ ദീപാൻഷു വർമ(30)യാണ് മരിച്ചത്. സുഹൃത്ത് മുകുൾ വർമ(20) പരിക്കുകളോടെ ചികിത്സയിലാണ്. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്കിൽ എതിരെ വന്ന കാർ ഇടിക്കുകയായിരുന്നു.
കൂട്ടിയിടിയുടെ ആഘാതത്തിൽ ദീപാൻഷു തെറിച്ച് കാറിന്‍റെ റൂഫിൽ വന്ന് വീണു. മുകുൾ റോഡിലാണ് തെറിച്ച് വീണതെന്നും പൊലീസ് അറിയിച്ചു. എന്നാൽ അപകടശേഷം പ്രതി കാർ നിർത്താതെ റൂഫിൽ മൃതദേഹവുമായി മൂന്ന് കിലോമീറ്റർ മുന്നോട്ട് പോവുകയായിരുന്നു.
എന്നാല്‍ കാറിന് പിന്നിൽ സ്‌കൂട്ടറിൽ സഞ്ചരിച്ചിരുന്ന വ്യക്തി സംഭവത്തിന്‍റെ ദൃശ്യം പകർത്തി. ദീപാൻഷു കാറിന് മുകളിലുള്ള കാര്യം ഡ്രൈവറെ അറിയിക്കാൻ ഹോൺ മുഴക്കുകയും അലറിവിളിക്കുകയും ചെയ്‌തിട്ടും വാഹനം നിർത്തിയില്ലെന്ന് ഇയാള്‍ പറഞ്ഞു. ഇരുവരേയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ദീപാൻഷു അപ്പോഴേക്കും മരിച്ചിരുന്നതായി ഡോക്‌ടർമാർ സ്ഥിരീകരിച്ചു.
കാർ ഡ്രൈവറായ ഹർനീത് സിംഗ് ചൗളയെ ഞായറാഴ്‌ച പൊലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. ഇയാളുടെ വാഹനം പൊലീസ് പിടിച്ചെടുത്തു.