ഹൈദരാബാദ്:ഏഴ് കോടി രൂപയുടെ വജ്രാഭരണവുമായി ഡ്രൈവര്‍ കടന്നു കളഞ്ഞു. ഹൈദരാബാദ് എസ്‌ആര്‍ നഗറില്‍ ഇന്നലെയാണ് സംഭവം. ജ്വല്ലറികളില്‍ നിന്ന് ആഭരണങ്ങള്‍ വാങ്ങി ആവശ്യക്കാര്‍ക്ക് വീട്ടില്‍ എത്തിച്ച് വില്‍പന നടത്തുന്ന മടപൂര്‍ സ്വദേശിനി രാധികയുടെ ഡ്രൈവറായ ശ്രീനിവാസ് ആണ് കോടികള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണവുമായി കടന്ന് കളഞ്ഞത്.
സംഭവം ഇങ്ങനെ: പ്രമുഖ ജ്വല്ലറി സ്റ്റോറുകളുടെ ഇടനിലക്കാരിയായി പ്രവര്‍ത്തിക്കുകയാണ് രാധിക. ജ്വല്ലറികളില്‍ നിന്ന് സ്വര്‍ണാഭരണങ്ങളും വജ്രാഭരണങ്ങളും വാങ്ങി ആവശ്യക്കാര്‍ക്ക് വീട്ടില്‍ എത്തിച്ച് വില്‍പന നടത്തുകയാണ് പതിവ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ശ്രീനിവാസ് രാധികയുടെ ഡ്രൈവറായി ജോലി ചെയ്‌തു വരികയായിരുന്നു.
ശ്രീനിവാസിനോടുള്ള വിശ്വാസത്തില്‍ ഇടയ്‌ക്കൊക്കെ ഇയാളുടെ പക്കല്‍ ഉപഭോക്താക്കള്‍ ഓര്‍ഡര്‍ ചെയ്‌ത ആഭരണങ്ങള്‍ രാധിക കൊടുത്തയച്ചിരുന്നു. എന്നാല്‍ തക്കസമയത്തിനായി കാത്തിരിക്കുകയായിരുന്നു ശ്രീനിവാസ് എന്നത് ഇപ്പോഴാണ് ബോധ്യപ്പെട്ടത് എന്ന് രാധിക പറഞ്ഞു. രാധികയുടെ അപ്പാര്‍ട്ട്‌മെന്‍റിലെ തന്നെ താമസക്കാരിയായ അനുഷ 50 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ ഓര്‍ഡര്‍ ചെയ്‌തിരുന്നു.
ആഭരണം ഡെലിവറി ചെയ്യാനായി അനുഷയെ ബന്ധപ്പെട്ടപ്പോള്‍ താന്‍ സ്ഥലത്തില്ലെന്ന് അനുഷ രാധികയെ അറിയിച്ചു. താന്‍ മധുരനഗറിലെ ബന്ധുവീട്ടിലാണെന്നും അവിടേക്ക് ആഭരണം എത്തിക്കണമെന്നും അനുഷ രാധികയോട് ആവശ്യപ്പെട്ടു. അനുഷയുടെ ആവശ്യ പ്രകാരം ആഭരണം മധുരനഗറില്‍ എത്തിക്കാന്‍ രാധിക തീരുമാനിച്ചു.
ഇതിനായി തന്‍റെ വിശ്വസ്‌തനായ ഡ്രൈവര്‍ ശ്രീനിവാസിനെയും ജ്വല്ലറിയിലെ സെയില്‍സ്‌മാന്‍ ആയ അക്ഷയ്‌യേയും വിളിച്ചു വരുത്തി. തുടര്‍ന്ന് ആഭരണങ്ങളുമായി ശ്രീനിവാസിനെയും അക്ഷയ്‌യേയും രാധിക മധുരനഗറിലേക്ക് അയച്ചു.
അനുഷയുടെ 50 ലക്ഷത്തിന്‍റെ ആഭരണത്തിന് പുറമെ ഏഴുകോടിയുടെ വജ്രാഭരണങ്ങളും ഇവരുടെ പക്കല്‍ രാധിക കൊടുത്തയച്ചിരുന്നു. അനുഷയുടെ ആഭരണം ഏല്‍പ്പിച്ച് മടങ്ങും വഴി വജ്രാഭരണങ്ങള്‍ സിരിഗിരിരാജ് ജെംസ് ആൻഡ് ജ്വല്ലേഴ്‌സില്‍ ഏല്‍പ്പിക്കണമെന്ന് രാധിക ശ്രീനിവാസിനോടും അക്ഷയ്‌യോടും പറഞ്ഞു. വജ്രാഭരണങ്ങള്‍ കോടികള്‍ വിലമതിക്കുന്നതാണെന്നും പ്രത്യേകം ശ്രദ്ധിക്കണമെന്നും രാധിക ഇരുവരോടും ഉപദേശിച്ചിരുന്നു.
പദ്ധതി നടപ്പിലാക്കി ശ്രീനിവാസ്: മധുരനഗറിലെ അനുഷയുടെ ബന്ധുവീട്ടില്‍ എത്തിയപ്പോള്‍ നേരത്തെ തയാറാക്കിയ പദ്ധതി പ്രകാരം ശ്രീനിവാസ് തന്ത്രത്തില്‍ അക്ഷയ്‌യെ വീട്ടിനകത്തേക്ക് പറഞ്ഞയച്ചു. കാറില്‍ ഉള്ള വജ്രാഭരണങ്ങള്‍ സൂക്ഷിക്കാനെന്ന വ്യാജേന ഇയാള്‍ കാറില്‍ തന്നെ ഇരുന്നു. ആഭരണം നല്‍കി അക്ഷയ് പുറത്തു വരുന്നതിന് മുമ്പ് തന്നെ ഏഴു കോടിയുടെ വജ്രാഭരണവുമായി കടന്ന് കളയാനായിരുന്നു ഇയാളുടെ പദ്ധതി.
ശ്രീനിവാസ് പദ്ധതി നടപ്പിലാക്കി. ആഭരണം നല്‍കി അക്ഷയ് എത്തുന്നതിന് മുമ്പ് തന്നെ ഇയാള്‍ വജ്രാഭരണങ്ങളുമായി കടന്ന് കളഞ്ഞു. കാറിന്‍റെ ശബ്‌ദം കേട്ട് വീടിന് പുറത്ത് വന്നു നോക്കിയപ്പോള്‍ ആഭരണവുമായി ശ്രീനിവാസന്‍ മുങ്ങിയെന്ന് അക്ഷയ്‌ക്ക് ബോധ്യമായി. ഇയാള്‍ ഉടന്‍ രാധികയെ വിവരം അറിയിക്കുകയും രാധിക എസ്‌ആര്‍ നഗര്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്‌തു.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് ആഭരണം മോഷ്‌ടിച്ച് ശ്രീനിവാസ് കടന്നു കളഞ്ഞതായി പൊലീസിന് ബോധ്യമായിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌ത് അന്വേഷണം ആരംഭിച്ചു. ഡ്രൈവര്‍ കൈക്കലാക്കിയ വജ്രാഭരണങ്ങള്‍ ഏഴു കോടി വിലമതിക്കുന്നതാണെന്ന് രാധിക പൊലീസില്‍ മൊഴി നല്‍കി. ശ്രീനിവാസിനായുള്ള തെരച്ചില്‍ വ്യാപിപ്പിച്ചിരിക്കുകയാണ് പൊലീസ്.