അജയ് ദേവ്ഗൺ നായകനായ ദൃശ്യം 2 ബോക്‌സോഫിസിൽ 100 കോടിയിലധികം കലക്ഷൻ നേടിയതായി നിർമാതാക്കൾ. പ്രൊഡക്ഷൻ ബാനർ പനോരമ സ്റ്റുഡിയോസ് ചിത്രത്തിന്‍റെ ഏറ്റവും പുതിയ ബോക്‌സോഫിസ് കണക്കുകൾ പുറത്തുവിട്ടു. റിലീസ് ചെയ്‌തതിന് ശേഷം നിരവധി റെക്കോഡുകൾ തകർത്തിരിക്കുകയാണ് ദൃശ്യം 2. ആദ്യ ആഴ്‌ചയിൽ തന്നെ റീമേക്ക് ചിത്രം 100 കോടി ക്ലബ്ബിൽ പ്രവേശിച്ചു.
2013ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം ദൃശ്യം 2015ലാണ് അജയ് ദേവ്‌ഗണിനെ നായകനാക്കി ഹിന്ദിയില്‍ റീമേക്ക് ചെയ്‌തത്. തുടർന്ന് 2021 ഫെബ്രുവരിയില്‍ ദൃശ്യം 2 റിലീസ് ആകുകയും 2022 നവംബർ 18ന് ദൃശ്യം 2 ഹിന്ദി പതിപ്പ് റിലീസാകുകയും ചെയ്‌തു. ആദ്യ ദിനം മുതല്‍ മികച്ച പ്രതികരണങ്ങള്‍ ലഭിച്ച ദൃശ്യം 2 ഹിന്ദി ചുരുങ്ങിയ ദിവസം കൊണ്ടാണ് 100 കോടി ക്ലബ്ബിൽ കയറിയത്.
അജയ് ദേവ്‌ഗണിന് പുറമെ ശ്രിയ ശരൺ, തബു, രജത് കപൂർ, ഇഷിത ദത്ത, അക്ഷയ് ഖന്ന തുടങ്ങിയവരും ദൃശ്യം 2 റീമേക്കില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പനോരമ സ്‌റ്റുഡിയോസ്, വയാകോം 18 സ്‌റ്റുഡിയോസ്, ടി സീരീസ് ഫിലിംസ് എന്നീ ബാനറുകളില്‍ അഭിഷേക് പതക്, ഭുഷന്‍ കുമാര്‍, കുമാര്‍ മങ്കട് പതക്, കൃഷന്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം.
ദേശീയ പുരസ്‌കാര ജേതാവ് നിഷികാന്ത് കാമത്തിന്‍റെ ഹിറ്റ് ത്രില്ലര്‍ ദൃശ്യം (2015) സിനിമയുടെ രണ്ടാം ഭാഗമാണ് ദൃശ്യം 2. 2020ല്‍ അദ്ദേഹം മരണപ്പെട്ടതിനെ തുടര്‍ന്ന് അഭിഷേക് പതക് ആണ് ദൃശ്യം രണ്ടാം ഭാഗം സംവിധാനം ചെയ്‌തത്.
മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങി സൂപ്പർഹിറ്റായ ദൃശ്യം മലയാള സിനിമ ചരിത്രത്തില്‍ നാഴികകല്ലായി മാറിയ സിനിമയാണ്. മീന, ആശ ശരത്ത്, സിദ്ദിഖ്, അൻസിബ, കലാഭവൻ ഷാജോൺ, എസ്‌തർ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ദൃശ്യം 2 ഒടിടിയിലൂടെയാണ് പുറത്തിറങ്ങിയതെങ്കിലും ബ്ലോക്ക്‌ബസ്റ്റര്‍ വിജയമാണ് നേടിയത്.