ബെല്ലാരി (കർണാടക): ബെല്ലാരി ജില്ലയിലെ ഗോനാൽ ഗ്രാമത്തിൽ മലിനജലം കുടിച്ച് ഒരു മരണം. 10 വയസുകാരിയായ സുകന്യ ആണ് മരിച്ചത്. മലിനജലം കുടിച്ച് രോഗബാധിതരായ 20 പേർ ചികിത്സയിലാണ്.
മലിനജലം കുടിച്ചു; കര്‍ണാടകയില്‍ ഒരു മരണം അഴുക്കുചാലിലെ വെള്ളം കുടിവെള്ളവുമായി കലർന്നതാണ് അപകടകാരണം. രോഗബാധിതരായ ഗ്രാമവാസികളെ പ്രദേശത്തെ സർക്കാർ സ്‌കൂൾ വളപ്പിൽ ചികിത്സയിലാണ്.
ശനിയാഴ്‌ച വൈകുന്നേരത്തോടെ വെള്ളം കുടിച്ചവർക്ക് വയറിളക്കവും ഛർദ്ദിയും അനുഭവപ്പെടാൻ തുടങ്ങി. മരണപ്പെട്ട പെൺകുട്ടിയെ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്‌ച വൈകുന്നേരത്തോടെ ഡിസ്ചാർജ് ചെയ്‌തു. എന്നാൽ പെൺകുട്ടിയുടെ നില ഗുരുതരമാകുകയും ഞായറാഴ്‌ച വീട്ടിൽവച്ച് മരണമടയുകയുമായിരുന്നു.
ജില്ല ആരോഗ്യ ഓഫിസർ ജനാർദൻ ഗ്രാമത്തിൽ താമസിച്ചുകൊണ്ട് സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്. അസുഖബാധിതരായ നിരവധി പേർ വീടുകളിൽ തന്നെ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില തൃപ്‌തികരമാണെന്ന് ജനാർദൻ അറിയിച്ചു.
ഗുരുതരാവസ്ഥയിലാകുന്ന രോഗികളെ ആശുപത്രിയിലേക്ക് മാറ്റാൻ അധികൃതർ ഗ്രാമത്തിൽ ആംബുലൻസ് സേവനം ഒരുക്കിയിട്ടുണ്ട്. സമീപത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യപ്രവർത്തകരും ഗ്രാമത്തിലുണ്ട്. ഇവർ വീടുവീടാന്തരം സന്ദർശനം നടത്തി രോഗികളുടെ ആരോഗ്യനില പരിശോധിച്ചു വരികയാണ്. സംഭവത്തിൽ ജില്ല ഭരണകൂടം അന്വേഷണം ആരംഭിച്ചു.