മുംബൈ :മുംബൈയിലെ ജവഹർലാൽ നെഹ്‌റു തുറമുഖത്ത് വൻ ലഹരിവേട്ട. 290 കിലോ ഗ്രാം ഹെറോയിനാണ് റവന്യൂ ഇന്‍റലിജൻസ് പിടിച്ചെടുത്തത്. മാർക്കറ്റില്‍ 300 കോടിയോളം രൂപ ഇതിന് വിലമതിക്കുമെന്നാണ് വിലയിരുത്തൽ.
ലഹരിക്കടത്ത് സംബന്ധിച്ച് സൂചന ലഭിച്ചതിനെ തുടര്‍ന്ന് അധികൃതർ പോർട്ടിലെത്തി പരിശോധന നടത്തുകയായിരുന്നു. ഇതിനിടയിലാണ് ടാല്‍ക്കം പൗഡർ കൊണ്ടുവന്ന കണ്ടെയ്‌നറില്‍ ഹെറോയിൻ കണ്ടെത്തിയത്. മുംബൈയിലും ഡല്‍ഹിയിലും വിതരണം ചെയ്യാൻ എത്തിച്ചതാണെന്നാണ് വിവരം.
തുറമുഖം വഴി ലഹരിക്കടത്ത് വ്യാപകമാകുന്നതായി നേരത്തേ രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ റിപ്പോർട്ട് ഉണ്ടായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ മേഖലയില്‍ പരിശോധന ഊര്‍ജിതമാക്കിയിരുന്നു.
also read:ഹൈദരാബാദ് വിമാനത്താവളത്തിൽ 78 കോടി രൂപയുടെ ഹെറോയിൻ പിടികൂടി
കഴിഞ്ഞ മാർച്ചില്‍ പോര്‍ട്ടിലെത്തിയ ശ്രീലങ്കൻ ബോട്ടില്‍ മയക്കുമരുന്ന് നിയന്ത്രണ ബ്യൂറോ നടത്തിയ പരിശോധനയില്‍ 300 കിലോ ഹെറോയിനും അഞ്ച് എകെ -47 തോക്കുകളും ആയിരം റൗണ്ട് തിരകളും വെടിമരുന്നും പിടിച്ചെടുത്തു.
എന്താണ് ഹെറോയിൻ ?
വിവിധ ഓപിയം സസ്യങ്ങളുടെ വിത്തില്‍ നിന്ന് ലഭിക്കുന്ന മോർഫിൻ ഉപയോഗിച്ച് നിർമ്മിക്കുന്ന വളരെ വീര്യമുള്ള ലഹരിയാണ് ഹെറോയിൻ. വെളുത്ത നിറത്തിലോ തവിട്ട് നിറത്തിലോ ഉള്ള പൊടിയായിട്ടാണ് ഇത് സംസ്‌കരിച്ചെടുക്കുന്നത്.
കറുത്ത ബാറുകളായും ഇത് വേര്‍തിരിച്ചെടുത്ത് തയ്യാറാക്കാറുണ്ട്. തെക്കേ അമേരിക്കയില്‍ നിന്നാണ് ഹെറോയില്‍ കൂടുതലായും മറ്റ് രാജ്യങ്ങളിലേക്കെത്തുന്നത്.