ജയ്‌പൂർ : രാജസ്ഥാനിലെ ശിവപുരി ധാമിൽ ദർശനത്തിനെത്തുന്ന ഭക്തർക്ക് ഡ്രസ് കോഡ് നടപ്പിലാക്കാൻ തീരുമാനം. കോട്ട ജില്ലയിലെ തെക്ര പ്രദേശത്തുള്ള ക്ഷേത്രത്തിലെ സന്ദർശകർക്കാണ് ഡ്രസ് കോഡ് നടപ്പിലാക്കാൻ ഭരണസമിതി തീരുമാനിച്ചത്. ഭക്തർ ദർശനത്തിനെത്തുമ്പോൾ മാന്യമായ വസ്‌ത്രം ധരിക്കണമെന്നതാണ് ഡ്രസ് കോഡ് കൊണ്ട് ക്ഷേത്രം മാനേജ്‌മെന്‍റ് ലക്ഷ്യമിടുന്നത്.
ശിവപുരം ക്ഷേത്രത്തിന്‍റെ പരിസരങ്ങളിൽ സന്ദർശകർ കീറിപ്പറിഞ്ഞ വസ്‌ത്രങ്ങളും ഷോട്‌സുകളും ധരിക്കുന്നത് മാനേജ്‌മെന്‍റ് വിലക്കിയിട്ടുണ്ട്. ക്ഷേത്രത്തിൽ ഡ്രസ് കോഡ് നടപ്പാക്കാൻ കമ്മിറ്റി തീരുമാനമെടുത്തതായി ക്ഷേത്രത്തിന്‍റെ അധികാരി സനാതൻ പുരി മഹാരാജ് സ്ഥിരീകരിച്ചു. തീരുമാനം സംബന്ധിച്ച് ക്ഷേത്രത്തിന് പുറത്ത് നോട്ടിസ് പതിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മാന്യമായ വസ്‌ത്രം ധരിക്കണം : മോശം വസ്‌ത്രം ധരിച്ച് നിരവധി ഭക്തർ ധാം സന്ദർശിക്കുന്നുവെന്ന പരാതിയെ തുടർന്നാണ് ഡ്രസ് കോഡ് നടപ്പാക്കാൻ തീരുമാനിച്ചതെന്ന് പുരി മഹാരാജ് പറഞ്ഞു. പുരുഷന്മാരും സ്‌ത്രീകളും കീറിപ്പറഞ്ഞ ജീൻസും ഡിസൈൻ ചെയ്‌ത വസ്‌ത്രങ്ങളും ധരിച്ച് ക്ഷേത്രത്തിലെത്തുന്നുണ്ട്. അതിനാൽ എല്ലാവരും സനാതന ധർമ്മം പാലിക്കണമെന്നും മാന്യമായ വസ്‌ത്രം ധരിച്ച് മാത്രം ക്ഷേത്രത്തിൽ വരണമെന്നും അഭ്യർത്ഥിക്കുന്ന ഒരു ബോർഡ് സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോട്ടയിലെ ശിവപുരി ധാം സ്വസ്‌തിക രൂപത്തിൽ സ്ഥാപിച്ചിരിക്കുന്ന 525 ശിവലിംഗങ്ങൾക്ക് പേരുകേട്ടതാണ്. ശ്രാവണ മാസത്തിൽ, ഏകദേശം 10,000 മുതൽ 15,000 വരെ ആളുകൾ ദർശനത്തിനായി രാവിലെ മുതൽ വൈകുന്നേരം വരെ ക്ഷേത്രത്തിൽ എത്തുന്നുണ്ട്. തിങ്കളാഴ്‌ചകളിൽ ഇത് 30,000 മുതൽ 40,000 വരെയാകും.