ബെംഗളൂരു:രാജ്യത്തിന്‍റെ ആദ്യ ആളില്ല വിമാനം വിജയകരമായി പറത്തി സൈന്യത്തിന്‍റെ ഗവേഷണ വിഭാഗം. കർണാടകയിലെ ചിത്രദുർഗയിലാണ് ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്‍റ് ഓർഗനൈസേഷന്‍ (ഡി.ആര്‍.ഡി.ഒ) വെള്ളിയാഴ്‌ച പരീക്ഷണ പറത്തല്‍ പൂര്‍ത്തിയാക്കിയത്. വിമാനം മികച്ച നിലയിലാണ് പരീക്ഷണഘട്ടം പിന്നിട്ടതെന്ന് ഡി.ആര്‍.ഡി.ഒ ഔദ്യോഗിക വാര്‍ത്താകുറിപ്പില്‍ പറയുന്നു.
ഇന്ത്യയുടെ ആദ്യ ആളില്ല വിമാനത്തിന്‍റെ പരീക്ഷണയാത്ര വിജയം; അഭിമാനനേട്ടവുമായി ഡി.ആര്‍.ഡി.ഒ
ഡി.ആര്‍.ഡി.ഒ, വെള്ളിയാഴ്‌ചയാണ് രാജ്യത്തിന്‍റെ ആദ്യ ആളില്ല വിമാനത്തിന്‍റെ പരീക്ഷണ പറത്തല്‍ വിജയകരമായി പൂര്‍ത്തിയാക്കിയത്
ഭാവിയിൽ കൂടുതല്‍ ആളില്ല വിമാനങ്ങൾ നിര്‍മിക്കുന്നതിന് ഈ പരീക്ഷണപ്പറത്തല്‍ പ്രധാന നാഴികക്കല്ലായി മാറും. തന്ത്രപ്രധാനമായ പ്രതിരോധ സാങ്കേതികവിദ്യകളിൽ സ്വയംപര്യാപ്‌തത കൈവരിക്കുന്നതിന്‍റെ സുപ്രധാന ചുവടുവെപ്പാണ് ഇതെന്നും സൈന്യത്തിന്‍റെ ഗവേഷണ വിഭാഗം കുറിപ്പില്‍ പറഞ്ഞു. ഡി.ആർ.ഡി.ഒയുടെ പ്രമുഖ ഗവേഷണ ലബോറട്ടറിയായ ബെംഗളൂരുവിലെ എയ്‌റോനോട്ടിക്കൽ ഡെവലപ്‌മെന്‍റ് എസ്റ്റാബ്ലിഷ്‌മെന്‍റാണ് (എ.ഡി.ഇ) വിമാനം രൂപകൽപന ചെയ്‌തത്. ചെറിയ ടർബോഫാൻ എഞ്ചിനിലാണ് പ്രവർത്തനം.
വിമാനം നിര്‍മിക്കാനാവശ്യമായ സാമഗ്രികള്‍ മുഴുവൻ തദ്ദേശീയമായി വികസിപ്പിച്ചതാണ്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഡി.ആർ.ഡി.ഒയെ അഭിനന്ദിച്ചു. നിർണായകമായ സൈനിക സംവിധാനങ്ങള്‍ ആത്മനിർഭർ ഭാരതിലൂടെ നിര്‍മിക്കാന്‍ പ്രചോദനം നല്‍കുന്നതാണ് ഈ നേട്ടമെന്ന് അദ്ദേഹം ട്വീറ്റില്‍ കുറിച്ചു.