ന്യൂഡൽഹി: പാലങ്ങളുടെ അതിവേഗ നിർമാണത്തിന് സഹായകമാകുന്ന പുതിയ ബ്രിഡ്‌ജിങ് സിസ്റ്റം ഇനി ഇന്ത്യന്‍ ആര്‍മിക്ക് കരുത്താകും. പത്ത് മീറ്റര്‍ നീളമുള്ള 12 ഷോർട്ട് സ്‌പാന്‍ ബ്രിഡ്‌ജിങ് സിസ്റ്റം (എസ്എസ്ബിഎസ്) സേനയില്‍ ഉള്‍പ്പെടുത്തിയതായി കരസേന മേധാവി എം.എം നരവാനെ പ്രഖ്യാപിച്ചു. ഡല്‍ഹി കാന്‍റിലെ കരിയപ്പ പരേഡ് ഗ്രണ്ടിൽ നടന്ന ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള പ്രതിരോധ ഗവേഷണ വികസന സ്ഥാപനമായ (ഡിആർഡിഒ) ആണ് സൈന്യത്തിന് സഹായകമാകുന്ന ബ്രിഡ്‌ജിങ് സിസ്റ്റം രൂപകൽപ്പന ചെയ്‌ത് വികസിപ്പിച്ചെടുത്തത്. എസ്എല്‍ ആന്‍ഡ് എൽ ലിമിറ്റഡുമായി ചേര്‍ന്ന് ഡിആര്‍ഡിഒയുടെ എന്‍ജിനീയറിങ് ലബോറട്ടറിയായ പൂനൈയിലെ റിസർച്ച് ആൻഡ് ഡെവലപ്മെന്‍റ് എസ്റ്റാബ്ലിഷ്മെന്‍റാണ് ബ്രിഡ്‌ജിങ് സിസ്റ്റം രൂപകല്‍പ്പന ചെയ്‌ത് വികസിപ്പിച്ചെടുത്തത്.