പൂനെ (മഹാരാഷ്‌ട്ര): പാക് ഏജന്‍റിന് രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി കൊടുത്ത ഡിആര്‍ഡിഒ (ഡിഫന്‍സ് ആന്‍ഡ് ഡെവലപ്‌മെന്‍റ് ഓര്‍ഗനൈസേഷന്‍) ഡയറക്‌ടര്‍ പ്രദീപ് കുരുല്‍ക്കറെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ പുറത്ത്. എടിഎസ് (ആന്‍റി ടെററിസ്റ്റ് സ്‌ക്വാഡ്) കുരുല്‍ക്കറുടെ ഇ മെയില്‍ പരിശോധിച്ചപ്പോഴാണ് പുതിയ വിവരങ്ങള്‍ ലഭിച്ചത്. പ്രദീപ് കുരുല്‍ക്കര്‍ ഒരു പാക് യുവതിയുമൊത്ത് വിദേശത്ത് പോയി ഇന്ത്യ-പാകിസ്ഥാന്‍ ക്രിക്കറ്റ് മത്സരം കണ്ടതായാണ് റിപ്പോര്‍ട്ട്. കൂടാതെ യുവതിയുമൊത്ത് വിദേശത്തെ ഡാന്‍സ് ബാറില്‍ ഉല്ലസിച്ചിരുന്നതായും അന്വേഷണ ഏജന്‍സി കണ്ടെത്തി.
ഹണിട്രാപ്പില്‍ കുടുങ്ങി പാക് ഏജന്‍റിന് രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ സംഭവത്തിലാണ് ഡിആര്‍ഡിഒ ശാസ്‌ത്രജ്ഞന്‍ പ്രദീപ് കുരുല്‍ക്കറെ എടിഎസ് അറസ്റ്റ് ചെയ്‌തത്. അറസ്റ്റിന് പിന്നാലെ കുരുല്‍ക്കറെ ഈ മാസം ഒമ്പത് വരെ എടിഎസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. പൂനയിലെ ശിവാജി നഗറിലെ കോടതിയില്‍ ഹാജരാക്കിയ കുരുല്‍ക്കറിന്‍റെ കസ്റ്റഡി കാലാവധി മെയ് 15 വരെ നീട്ടി. പാകിസ്ഥാനില്‍ നിന്ന് കുരുല്‍ക്കറിന് ലഭിച്ച മെയിലുകള്‍ പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്.
ഔദ്യോഗിക പാസ്‌പോര്‍ട്ട് ഉപയോഗിച്ച് പ്രദീപ് കുരുല്‍ക്കര്‍ ആറ് വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ഈ പര്യടനത്തിനിടെയാണ് പാക് യുവതിക്കൊപ്പം ക്രിക്കറ്റ് മത്സരം കണ്ടതെന്നും തെളിഞ്ഞിട്ടുണ്ട്. നിലവില്‍ ഇന്ത്യ-പാക് ക്രിക്കറ്റ് ടെസ്റ്റുകളുടെ റെക്കോഡിങ്ങും അന്വേഷണ ഏജന്‍സി പരിശോധിച്ച് വരികയാണ്.
Also Read:പാക് ചാരവൃത്തി; ഡിആര്‍ഡിഒ ശാസ്‌ത്രജ്ഞന്‍ പ്രദീപ് കുരുല്‍ക്കറിനെതിരെയുള്ള അന്വേഷണം പൂര്‍ത്തിയാക്കി എടിഎസ്
കുരുല്‍ക്കറുടെ മെയിലില്‍ ക്രിക്കറ്റിനെ കുറിച്ചും സ്‌പോര്‍ട്‌സിനെ കുറിച്ചുമുള്ള സന്ദേശം ഉണ്ടായിരുന്നു. ക്രിക്കറ്റ് മത്സരം കണ്ടതിന് ശേഷം തങ്ങള്‍ ഡാന്‍സ് ബാറില്‍ പോയി ഉല്ലസിക്കുമെന്നും സന്ദേശത്തില്‍ പറഞ്ഞിരുന്നു. മെയില്‍ സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തുകയാണ് എന്ന് എടിഎസ് വൃത്തങ്ങള്‍ അറിയിച്ചു.
ഹണിട്രാപ്പുമായി ബന്ധപ്പെട്ട് കുരുല്‍ക്കര്‍ ഫേസ്‌ബുക്ക്, വാട്‌സ്‌ആപ്പ് എന്നീ മാധ്യമങ്ങള്‍ വഴി മാത്രമല്ല ആശയവിനിമയം നടത്തിയിരുന്നത്. പാകിസ്ഥാന്‍ രഹസ്യാന്വേഷണ വിഭാഗവുമായി ഇ മെയില്‍ വഴിയും പ്രമോദ് കുരുല്‍ക്കര്‍ ബന്ധപ്പെട്ടിട്ടുണ്ട്. ഫോറൻസിക് ലബോറട്ടറി റിപ്പോർട്ടിലാണ് വെളിപ്പെടുത്തല്‍. കുരുല്‍ക്കര്‍ ഡിആര്‍ഡിഒ ഗസ്റ്റ് ഹൗസില്‍ വച്ച് ചില സ്‌ത്രീകളുമായി കൂടിക്കാഴ്‌ച നടത്തിയതായി കേസിന്‍റെ ഒമ്പതാമത്തെ വാദം കേള്‍ക്കലിനിടെ എടിഎസ് കോടതിയെ അറിയിച്ചിരുന്നു.
ഇ മെയിലില്‍ പറയുന്ന യുവതി ആരാണ്, ഈ സ്‌ത്രീയുമായി എന്തിന് കൂടിക്കാഴ്‌ച നടത്തി, ഇതിന് പിന്നിലെ കൃത്യമായ കാരണം എന്താണ് എന്നിവ എടിഎസ് അന്വേഷിച്ച് വരികയാണ്. കുരുല്‍ക്കര്‍ നടത്തിയ വിദേശ പര്യടനങ്ങളെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. പര്യടന വേളയില്‍ ആരെയെങ്കിലും സന്ദര്‍ശിച്ചോ എന്നതും അന്വേഷണ ഏജന്‍സി പരിശോധിച്ച് വരികയാണ്.
Also Read:ചാരവൃത്തിക്കേസ് : ഡിആര്‍ഡിഒ ഡയറക്‌ടര്‍ പാക് രഹസ്യാന്വേഷണ വിഭാഗവുമായി ബന്ധപ്പെട്ടതായി നിര്‍ണായക വെളിപ്പെടുത്തല്‍