ന്യൂഡൽഹി:ലോകത്താകമാനമുള്ള മലയാളികൾക്കും ഓണാശംസകൾ നേർന്ന് രാഷ്‌ട്രപതി ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. ഇരുവരും മലയാളത്തിൽ, തങ്ങളുടെ ട്വിറ്റർ അക്കൗണ്ടുകളിലൂടെയാണ് ഓണാശംസകൾ നേർന്നത്. കൂടാതെ കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരി, തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, മഹാരാഷ്ട്ര മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ എന്നിവരും ഓണാശംസകൾ നേർന്നു.
എല്ലാ സഹപൗരന്മാർക്കും, വിശേഷിച്ചും മലയാളി സഹോദരങ്ങൾക്ക് ഓണാശംസകൾ നേരുന്നു. വിളവെടുപ്പിന്‍റെ ഉത്സവമായ ഓണം സമത്വത്തിന്‍റെയും നീതിയുടെയും സത്യത്തിന്‍റെയും ആഘോഷം കൂടിയാണ്. ഈ ഉത്സവത്തിന്‍റെ ചൈതന്യം സാമൂഹ്യമൈത്രി ശക്തിപ്പെടുത്തുകയും ഏവർക്കും സമാധാനവും സമൃദ്ധിയും കൈവരുത്തുകയും ചെയ്യട്ടെ. ദ്രൗപതി മുർമു ട്വീറ്റ് ചെയ്‌തു.
ഏവർക്കും, പ്രത്യേകിച്ച് കേരളത്തിലെ ജനങ്ങൾക്കും ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിനും ഓണാശംസകൾ. ഈ ഉത്സവം പ്രകൃതി മാതാവിന്‍റെ സുപ്രധാന പങ്കിനെയും നമ്മുടെ കഠിനാധ്വാനികളായ കർഷകരുടെ പ്രാധാന്യത്തെയും വീണ്ടും ഉറപ്പിക്കുന്നു. ഓണം നമ്മുടെ സമൂഹത്തിൽ ഐക്യത്തിന്‍റെ ചൈതന്യം വർധിപ്പിക്കട്ടെ. നരേന്ദ്ര മോദി ട്വീറ്റ് ചെയ്‌തു.