ഹൈദരാബാദ് : രാജ്യത്ത് പ്രാദേശികമായി നിർമിക്കുന്ന റഷ്യയുടെ സ്‌പുട്‌നിക് വി വാക്‌സിൻ സെപ്‌റ്റംബർ-ഒക്‌ടോബർ കാലയളവിൽ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഡോ. റെഡ്ഡീസ് ലബോറട്ടറി ലിമിറ്റഡ്.
റഷ്യയിൽ കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ വാക്‌സിനുകളുടെ വരവ് വൈകുമെന്ന സ്ഥിതി അടുത്ത മാസം അവസാനത്തോടെ മാറുമെന്ന് ബ്രാൻഡഡ് മാർക്കെറ്റ്‌സ് സിഇഒ എംവി രമണ പറഞ്ഞു.
ഏപ്രിലിൽ അടിയന്തര ഉപയോഗത്തിനായുള്ള അംഗീകാരം (ഇയുഎ) ലഭിച്ചതോടെ റഷ്യൻ ഡയറക്‌ട് ഇൻവെസ്‌റ്റ്‌മെന്‍റ് ഫണ്ടുമായി (ആർഡിഐഎഫ്) ചേർന്ന് പ്രവർത്തിച്ചുകൊണ്ട് ഡോ. റെഡ്ഡീസ് ലാബ് മെയ് മാസം വാക്‌സിൻ വിതരണത്തിന്‍റെ ലോഞ്ച് നടത്തിയിരുന്നു.
ALSO READ:പ്രാദേശിക ഉത്പാദനം ആരംഭിച്ചാല്‍ സ്പുട്നിക് വി വാക്സിന്‍ വില കുറയുമെന്ന് റെഡ്ഡീസ് ലാബ്
കൂടാതെ വിതരണം വർധിപ്പിക്കുന്നതിനായി ആർഡിഎഫുമായി കമ്പനി ചർച്ച നടത്തിവരികയാണെന്നും രമണ പറഞ്ഞു. സ്‌പുട്‌നിക് വി നിർമിക്കുന്നതിനായി ആറ് ഇന്ത്യൻ മരുന്ന് നിർമാതാക്കളുമായി ആർഡിഐഎഫ് സഹകരിക്കുന്നുണ്ട്.
സ്‌പുട്‌നികിന്‍റെ ആദ്യ 250 ദശലക്ഷം ഡോസുകൾ ആർഡിഐഎഫ് ഇന്ത്യയിൽ വിൽപ്പന നടത്തുമെന്ന കരാറിലാണ് ഡോ. റെഡ്ഡീസ് ലാബും ആർഡിഐഎഫും.
ഇതിനോടകം 80 നഗരങ്ങളിൽ വാക്‌സിൻ ലോഞ്ച് ചെയ്‌തതായും 2.5 ലക്ഷത്തിലധികം ആളുകൾ വാക്‌സിൻ സ്വീകരിച്ചതായും അദ്ദേഹം അറിയിച്ചു. കൗമാരക്കാരിലെ സ്‌പുട്‌നിക് വി വാക്‌സിൻ പരീക്ഷണം റഷ്യയിൽ ആരംഭിച്ചതായും ഒക്‌ടോബറോടെ പരീക്ഷണം പൂർത്തിയാകുമെന്നും രമണ വ്യക്തമാക്കി.