ന്യൂഡല്‍ഹി: 1991ലെ സാമ്പത്തിക പ്രതിസന്ധിയേക്കാള്‍ ഭയാനകമാണ് രാജ്യത്തിന്‍റെ മുന്‍പോട്ടുള്ള പാതയെന്ന മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്‍റെ പരാമര്‍ശം രാഷ്‌ട്രീയ പ്രസ്‌താവനയാണെന്നും രണ്ട് സാഹചര്യങ്ങളും താരതമ്യം ചെയ്യാനാകില്ലെന്നും സാമ്പത്തിക വിദഗ്‌ധര്‍.
താരതമ്യം ചെയ്യാനാകില്ല
1991ലെ സ്ഥിതി എന്തു കൊണ്ട് മോശമായിരുന്നുവെന്നതിന് ഒരുപാട് കാരണങ്ങള്‍ ചൂണ്ടികാട്ടാന്‍ സാധിക്കും. ഏറ്റവും ചുരുങ്ങിയ കാര്യങ്ങള്‍ മാത്രമാണ് അന്ന് നടപ്പിലാക്കിയത്. അതിനാല്‍ രണ്ട് സാഹചര്യങ്ങളും താരതമ്യപ്പെടുത്താനാവില്ലെന്ന് സാമ്പത്തിക വിദഗ്‌ധന്‍ ധീരജ് കുമാര്‍ അഭിപ്രായപ്പെട്ടു.
ഒരുപാട് വിമര്‍ശനങ്ങള്‍ ആ സമയത്ത് ഇന്ത്യ നേരിടേണ്ടി വന്നുവെന്നും ഐഎംഎഫിനോട് സഹായം അഭ്യര്‍ത്ഥിച്ചെങ്കിലും ഇന്ത്യയോട് അതിന് വേണ്ട നടപടികള്‍ ആരംഭിക്കാന്‍ ഐഎംഎഫ് ആവശ്യപ്പെടുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സാമ്പത്തിക വിദഗ്‌ധന്‍ ധീരജ് കുമാര്‍ കോണ്‍ഗ്രസുകാരന്‍റെ പ്രസ്‌താവന
രാജ്യം നേരിടാൻ പോകുന്നത് 1991ലെക്കാൾ വലിയ പ്രതിസന്ധിയാണെന്ന് മുൻ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്‌ധനുമായ ഡോ. മൻമോഹൻ സിങ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. രാജ്യത്ത് സാമ്പത്തിക ഉദാരവത്കരണം ആരംഭിച്ച് മുപ്പത് വർഷം തികയുന്ന വേളയിലായിരുന്നു അതിന് നേതൃത്വം നല്‍കിയ മന്‍മോഹന്‍ സിങിന്‍റെ പ്രതികരണം.
"അടിസ്ഥാനപരമായി, മന്‍മോഹന്‍ സിങിന്‍റെ പ്രസ്‌താവന ഒരു കോൺഗ്രസുകാരന്‍റെ രാഷ്ട്രീയ പ്രസ്‌താവനയാണ്, അത് വിശ്വാസത്തിലെടുക്കാന്‍ സാധിക്കില്ല," ധീരജ് കുമാര്‍ പറഞ്ഞു.
കഴിഞ്ഞ 40 വർഷത്തിനിടയിൽ ഇന്ത്യ പിന്തുടർന്ന സോഷ്യലിസ്റ്റ് നയത്തിന്‍റെ ഫലമാണ് 1991ലെ പ്രതിസന്ധിയെന്നും അതിന് മുന്‍പുള്ള വർഷങ്ങളിൽ വിവേകം കാണിച്ചിരുന്നുവെങ്കിൽ, ഇന്ന് ഇന്ത്യ ചൈനയേക്കാൾ സമ്പന്ന രാഷ്ട്രമായി മാറുമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കൊവിഡും സാമ്പത്തിക രംഗവും
തൊണ്ണൂറ്റിയൊന്നിലെ പരിഷ്‌ക്കാരങ്ങൾ കഴിഞ്ഞ മൂന്ന് ദശകങ്ങളിൽ സർക്കാരുകൾ പിന്തുടർന്നുവെന്നും അത് ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥകളിൽ ഒന്നായി മാറ്റിയെന്നും മന്‍മോഹന്‍ സിങ് അഭിപ്രായപ്പെട്ടിരുന്നു. കൊവിഡിൽ നിരവധി പേർക്ക് ജീവനും തൊഴിലും നഷ്‌ടപ്പെട്ടു. രാജ്യത്ത് സമ്പദ് വ്യവസ്ഥ പുരോഗമിച്ചപ്പോൾ അതിനൊപ്പം പൊതു വിദ്യാഭ്യാസ രംഗവും ആരോഗ്യ രംഗവും വികസിച്ചില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഓരോ ഇന്ത്യക്കാരനും ആരോഗ്യകരവും മാന്യവുമായ ജീവിതം ഉറപ്പാക്കുന്നതിന് ഒരു രാഷ്ട്രമെന്ന നിലയിൽ നമ്മുടെ മുൻഗണനകൾ പുനര്‍വിചിന്തനം ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 1991ൽ നരസിംഹ റാവു സർക്കാരിൽ മൻമോഹൻ സിങ് ധനമന്ത്രിയായിരിക്കെയാണ് ഇന്ത്യ പുത്തൻ സാമ്പത്തിക പരിഷ്‌ക്കരണങ്ങളിലേക്ക് കടന്നത്.
Also read: രാജ്യം അതീവ ഗുരുതരാവസ്ഥയിലേക്ക്; സ്ഥിതി 1991ലെ പ്രതിസന്ധിയേക്കാള്‍ ഭയാനകം