ഷാംലി:വൈദ്യുതി ലഭിക്കുന്നില്ലെങ്കിലും പതിനായിരക്കണക്കിന് രൂപയുടെ ബില്ല് വന്നതിന്‍റെ ഞെട്ടലിലാണ് ഉത്തര്‍പ്രദേശിലെ ദലിത് ഗ്രാമങ്ങള്‍. ഷാംലി ജില്ലയിലെ ഒരു ഡസനോളം ഗ്രാമങ്ങളിലെ വീടുകളിലാണ് ഇത്തരത്തില്‍ ബില്ലുകള്‍ ലഭിച്ചത്. ഖോക്‌സ, അലാവുദ്ദീൻപൂർ, ദൂദ്‌ലി, ദേരാഭഗീരഥ്, നയാബാൻസ്, മസ്‌തഗഡ്, ജതൻ, ഖാൻപൂർ, അഹമ്മദ്ഗഡ്, ഖേദി തുടങ്ങിയ ഗ്രാമങ്ങളിലെ ദലിത് കുടുംബങ്ങള്‍ ഈ ദുരവസ്ഥയെ എങ്ങനെ നേരിടണമെന്നറിയാതെ അന്തിച്ചുനില്‍ക്കുകയാണ്.
'10 വർഷം മുന്‍പ് സൗജന്യമായി വൈദ്യുതി നൽകാമെന്ന് ഉറപ്പ് നൽകി ഉദ്യോഗസ്ഥര്‍ വീട്ടിൽ മീറ്റർ സ്ഥാപിച്ചിരുന്നു. എന്നാല്‍, വൈദ്യുതി ലഭിക്കാത്തിടത്ത് 40,000 രൂപയുടെ ബില്ലാണ് കിട്ടിയത്', അലാവുദ്ദീൻപൂരില്‍ താമസിക്കുന്ന സുന്ദരവതി ദേവി പറയുന്നു. ഇത്തരത്തില്‍, വൈദ്യുതി കണക്ഷൻ ഇതുവരെ ലഭിക്കാത്ത വീടുകളില്‍ ആയിരക്കണക്കിന് രൂപയാണ് ബില്ല് വരുന്നത്. സംസ്ഥാനത്തെ വൈദ്യുതി വകുപ്പിന്‍റെ അനാസ്ഥയാണ് ഇത് വ്യക്തമാക്കുന്നതെന്ന് ദലിത് കുടുംബങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
ആള്‍ത്താമസമില്ലാത്ത വീട്ടിലും ബില്ല്..!:കൂട്ടുകുടുംബം താമസിക്കുന്ന തങ്ങളുടെ വീട്ടില്‍ വൈദ്യുതി വകുപ്പ് നാല് മീറ്ററാണ് സ്ഥാപിച്ചതെന്ന് ഖോക്‌സ ഗ്രാമത്തിലെ സരോജ് ദേവി പറഞ്ഞു. മൂന്ന് വർഷം മുന്‍പാണ് മീറ്ററുകൾ സ്ഥാപിച്ചത്. സൗജന്യ വൈദ്യുതി നൽകുമെന്ന് പറഞ്ഞിരുന്നെങ്കിലും വാഗ്‌ദാനം വെറുംവാക്കായെന്ന് ഖോക്‌സ ഗ്രാമത്തിലെ കുടുംബം പറയുന്നു. 'അടുത്തിടെ വൈദ്യുതി വകുപ്പ് ജീവനക്കാർ തങ്ങളുടെ വീട്ടിലെത്തി മീറ്റര്‍ സ്ഥാപിച്ചതിന് 50,000 രൂപ കെട്ടിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ടു. ഇടയ്‌ക്കിടെ ഇതിനായി സമ്മർദം ചെലുത്താറുണ്ട്. ആള്‍ത്താമസമില്ലാത്ത വീട്ടിൽ സ്ഥാപിച്ചിട്ടുള്ള മീറ്ററിനുപോലും 50,000 രൂപയുടെ വൈദ്യുതി ബില്ലുകളാണ് വന്നത്', ഖോക്‌സ നിവാസിയായ ഭഗത് റാം ആരോപിച്ചു.
ഇതുസംബന്ധിച്ച് വൈദ്യുതി വകുപ്പ് സബ് ഡിവിഷണൽ ഓഫിസർ രവികുമാറിനെ ബന്ധപ്പെട്ടപ്പോൾ തനിക്ക് ഇതേക്കുറിച്ച് ഒരു വിവരവും കിട്ടിയിട്ടില്ലെന്നാണ് വിശദീകരണം. ഉദ്യോഗസ്ഥര്‍ കൈമലര്‍ത്തുമ്പോള്‍ എന്തുചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് ദലിത് കുടുംബങ്ങള്‍.