ബദായൂം (ഉത്തർ പ്രദേശ്): വിവാഹത്തിനു 20 ദിവസങ്ങൾ ബാക്കി നിൽക്കെ സ്‌ത്രീധന തുക പോരെന്ന കാരണത്താൽ വരൻ വിവാഹത്തില്‍ നിന്ന് പിന്മാറിയതിനെ തുടർന്ന് വധു ആത്മഹത്യ ചെയ്‌ത നിലയില്‍. ഉത്തർ പ്രദേശിലെ കാരിമായി ഗ്രാമത്തിലെ ഉഹ്‌ഗാട്ടി പൊലീസ് സ്റ്റേഷൻ പരിധിയിൽ ഞായറാഴ്‌ച ആയിരുന്നു സംഭവം.
ഏപ്രിൽ 22ന് ആയിരുന്നു വിവാഹം. വികാസ് എന്നയാളുമായി ആണ് പെൺകുട്ടിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാൽ വികാസ് വിവാഹം നീട്ടി കൊണ്ടു പോകുകയായിരുന്നു. പീന്നീട് വിവാഹം ഉറപ്പിച്ച ശേഷം 20 ദിവസങ്ങൾക്കു മുൻപ് വിവാഹം വേണ്ടെന്നു വയ്‌ക്കുകയായിരുന്നു.
മരണത്തിനു മുൻപ് പെൺകുട്ടി പങ്കുവച്ച രണ്ടു വീഡിയോയിൽ ഒന്നിൽ ക്ഷണക്കത്തുകൾ എല്ലാവർക്കും എത്തിച്ചു കഴിഞ്ഞുവെന്നും, വിവാഹത്തിനായുള്ള ഒരുക്കങ്ങളും ആരംഭിച്ചിരുന്നു എന്നും പറയുന്നു. എന്നാൽ ഏപ്രിൽ രണ്ടിന് വികാസ് വിളിച്ചു കൂടുതൽ സ്‌ത്രീധന തുക ആവശ്യപ്പെട്ടു. പെൺകുട്ടി വീട്ടിലെ സാഹചര്യം വിശദീകരിക്കാൻ ശ്രമിച്ചെങ്കിലും വികാസ് തുക കൂട്ടിത്തരാൻ വാശിപ്പിടിക്കുകയായിരുന്നു. കൂടാതെ ഫോണിൽ കൂടി അപമര്യാദയായി പെരുമാറുകയും,ചെയ്‌തതായി പറയുന്നു. പെൺകുട്ടി വലിയ മാനസിക സമ്മർദത്തിലായിരുന്നു. ഇതു താങ്ങാൻ കഴിയാതെ ആണ് പെൺകുട്ടി ആത്‌മഹത്യ ചെയ്‌തതെന്ന് പെൺകുട്ടിയുടെ കുടുംബം പറയുന്നു.
രണ്ടാമതായി പങ്കുവച്ച വീഡിയോയിൽ താൻ നിസ്സഹായയാണെന്നും തനിക്കു ഇതിൽ കൂടുതൽ മാനസിക പിരിമുറുക്കം താങ്ങാനാവുന്നില്ലെന്നും താൻ പോകുകയാണെന്നും പെൺകുട്ടി പറഞ്ഞു. ഗവൺമെന്‍റ് ഉദ്യോഗസ്ഥനായ വികാസ് 30 ലക്ഷം രൂപയും ഒരു കാറുമാണ് പെൺകുട്ടിയുടെ വീട്ടുകാരോട് ആവശ്യപ്പെട്ടത്. വികാസും കുടുംബവും സ്‌ത്രീധനത്തിന്‍റെ പേരിൽ പെൺകുട്ടിയേയും കുടുംബത്തെയും ഏറെ സമ്മർദത്തിലാക്കിയിരുന്നതായി മാതാപിതാക്കൾ പൊലീസിനോടു പറഞ്ഞു. പെൺകുട്ടിയുടെ മരണത്തിൽ പൊലീസ് അന്വേഷണം പ്രഖ്യാപിച്ചു.