ന്യൂഡൽഹി: തുടർച്ചയായ ദിവസങ്ങളിൽ പുതിയ കൊവിഡ് രോഗികളുടെ എണ്ണം 50,000ൽ താഴെ നിലനിർത്താൻ ഇന്ത്യക്ക് സാധിച്ചതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. 45,903 പേർക്ക് കഴിഞ്ഞ 24 മണിക്കൂറിൽ കൊവിഡ് ബാധിച്ചതോടെ തുടർച്ചയായ 37ആം ദിവസമാണ് ഇന്ത്യയിലെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 50,000ൽ താഴെ തുടരുന്നത്. രാജ്യത്ത് ഇതുവരെ 79,17,373 പേർക്ക് കൊവിഡ് ബാധിച്ചതിൽ നിലവിൽ 5.09 ലക്ഷം പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇന്ത്യയിലെ നിലവിലുള്ള രോഗമുക്തി നിരക്ക് 92.56 ശതമാനമായി ഉയരുകയും പോസിറ്റിവിറ്റി നിരക്ക് 7.19 ശതമാനവുമായി കുറയുകയും ചെയ്‌തതായി മന്ത്രാലയം വ്യക്തമാക്കി.
ഇന്ത്യയിൽ പുതിയ കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നതായി റിപ്പോർട്ട്
തുടർച്ചയായ 37ആം ദിവസമാണ് ഇന്ത്യയിൽ പുതിയതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം 50,000ൽ താഴെ നിൽക്കുന്നത്
നിലവിൽ രോഗമുക്തരാകുന്നവരിൽ 79 ശതമാനവും 10 സംസ്ഥാനങ്ങളിൽ നിന്നുമാണ്. കഴിഞ്ഞ 24 മണിക്കൂറിൽ മഹാരാഷ്‌ട്രയിലാണ് ഏറ്റവും കൂടുതൽ പേർ രോഗമുക്തരായത്. 8,232 പേരാണ് സംസ്ഥാനത്ത് രോഗമുക്തരായി ആശുപത്രി വിട്ടത്. അതേസമയം കേരളത്തിൽ 6,853 പേരും ഡൽഹിയിൽ 6,069 പേരും രോഗമുക്തരായിട്ടുണ്ട്. രാജ്യത്ത് കൊവിഡ് മരണത്തിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിൽ 490 മരണങ്ങളാണ് രാജ്യത്ത് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആകെ മരണങ്ങളിൽ 81 ശതമാനവും 10 സംസ്ഥാനങ്ങളിലാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. ഇതിൽ 125 മരണങ്ങൾ മഹാരാഷ്‌ട്രയിലും ഡൽഹിയിൽ 77ഉം പശ്ചിമ ബംഗാളിൽ 59ഉം മരണങ്ങളാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.