ന്യൂഡൽഹി: സിഖുകാരുടെ തലപ്പാവിനെയും, കൃപാണിനെയും ഹിജാബുമായി താരതമ്യം ചെയ്യാനാകില്ലെന്ന് സുപ്രീം കോടതി. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം ശരിവച്ച കർണാടക ഹൈക്കോടതി വിധിക്കെതിരെയുള്ള ഹർജികൾ ഹേമന്ത് ഗുപ്‌ത, സുധാൻഷു ധൂലിയ എന്നിവരടങ്ങിയ ബെഞ്ച് പരിഗണിക്കവെയായിരുന്നു പരാമർശം.
ഹിജാബിനെപ്പോലെയാണ് കൃപാണും തലപ്പാവുമെന്ന് ഹർജിക്കാരുടെ അഭിഭാഷകൻ നിസാമുദീൻ പാഷവി കോടതിയിൽ പറഞ്ഞു. മുസ്‌ലിം പെൺകുട്ടികളുടെ മതപരമായ ആചാരത്തിന്‍റെ ഭാഗമാണ് ഹിജാബ് എന്ന് പറഞ്ഞ പാഷവി, പെൺകുട്ടികൾ ഹിജാബ് ധരിച്ച് സ്‌കൂളിൽ വരുന്നത് തടയാൻ കഴിയുമോയെന്നും ചോദിച്ചു. സിഖ് വിദ്യാർഥികൾ പോലും തലപ്പാവ് ധരിക്കാറുണ്ടെന്ന് അദ്ദേഹം വാദിച്ചു.
എന്നാൽ കൃപാണ്‍ ധരിക്കുന്നത് ഭരണഘടന അംഗീകരിച്ചിട്ടുള്ളതാണെന്നും അതിനാൽ സിഖുകാരുമായി താരതമ്യം ചെയ്യുന്നത് ശരിയല്ലെന്ന് ജസ്റ്റിസ് ഗുപ്‌ത പറഞ്ഞു. തലപ്പാവിന് നിയമപരമായ ആവശ്യകതകളുണ്ട്. ഇതെല്ലാം രാജ്യത്തിന്‍റെ സംസ്‌കാരത്തിൽ നന്നായി സ്ഥാപിതമായ ആചാരങ്ങളാണ്. അതിനാൽ ആചാരങ്ങളെ താരതമ്യം ചെയ്യരുതെന്നും ഗുപ്‌ത വ്യക്‌തമാക്കി.
കൂടാതെ വിദേശ രാജ്യങ്ങളിലെ സാഹചര്യങ്ങളും ഇന്ത്യൻ സാഹചര്യങ്ങളും തമ്മിൽ താരതമ്യം ചെയ്യരുതെന്നും ഗുപ്‌ത വ്യക്‌തമാക്കി. നമ്മൾ ഇന്ത്യക്കാരാണ്, ഇന്ത്യയിൽ ജീവിക്കാനാണ് ആഗ്രഹിക്കുന്നത്. അതിനാൽ മറ്റ് രാജ്യങ്ങളുടെ സാഹചര്യം അനുസരിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ജസ്റ്റിസ് ഗുപ്‌ത പറഞ്ഞു. കേസിന്‍റെ തുടർവാദം കേൾക്കൽ സെപ്റ്റംബർ 12ലേക്ക് മാറ്റി.