ചെന്നൈ :റെയ്‌ഡിനിടെ ലൈംഗികത്തൊഴിലാളികളെ അറസ്റ്റ് ചെയ്യുകയോ ഉപദ്രവിക്കുകയോ ചെയ്യരുതെന്ന് മദ്രാസ് ഹൈക്കോടതി. അടുത്തിടെ പ്രഖ്യാപിച്ച സുപ്രീം കോടതി വിധി ഉദ്ധരിച്ചായിരുന്നു ജസ്റ്റിസ് എൻ സതീഷ് കുമാറിന്‍റെ നിരീക്ഷണം. ചിന്താദ്രിപേട്ടയിലെ വേശ്യാലയത്തിൽ നിന്ന് അറസ്റ്റിലായ ഉദയകുമാർ എന്നയാളുടെ ഹർജി പരിഗണിച്ച ജഡ്‌ജി, അയാൾക്കെതിരെ പൊലീസ് രജിസ്റ്റർ ചെയ്‌ത എഫ്ഐആര്‍ റദ്ദാക്കി.
ഏതോ ഒരാൾ നടത്തുന്ന വേശ്യാലയമെന്ന് പൊലീസ് ആരോപിക്കുന്നിടത്ത് ഹർജിക്കാരൻ ഉണ്ടായിരുന്നുവെന്ന പേരിൽ അയാൾക്കെതിരെ ശിക്ഷാനടപടികൾ സ്വീകരിക്കാൻ കഴിയില്ല. ലൈംഗികത്തൊഴിലാളികൾക്ക് താൽപ്പര്യമില്ലാത്ത പ്രവൃത്തികൾ ചെയ്യാൻ അവരെ ഹർജിക്കാരൻ നിർബന്ധിച്ചുവെന്ന് പറയാനാവില്ലെന്നും ജഡ്‌ജി ചൂണ്ടിക്കാട്ടി. മസാജ് സെന്‍റർ റെയ്‌ഡിനിടെ ലൈംഗികത്തൊഴിലാളികൾക്കൊപ്പം ഹർജിക്കാരനും ഉണ്ടായിരുന്നുവെന്നും ഇയാളെ പിടികൂടി അഞ്ചാം പ്രതിയാക്കി കോടതിക്ക് മുന്നിൽ ഹാജരാക്കുകയുമായിരുന്നുവെന്നുമാണ് പൊലീസ് വാദം.
ഉദയകുമാറിനെതിരായ ആരോപണങ്ങൾ ഒന്നും തന്നെ അദ്ദേഹത്തെ കുറ്റക്കാരനാക്കാൻ തക്കതതല്ലെന്ന് ഹർജിക്കാരന്‍റെ അഭിഭാഷകൻ വാദിച്ചു. ലൈംഗികത്തൊഴിൽ ചെയ്യുന്നത് നിയമവിരുദ്ധമല്ല, വേശ്യാലയം നടത്തുന്നത് മാത്രമാണ് നിയമവിരുദ്ധം. ലൈംഗികത്തൊഴിലാളികൾ സ്വന്തം ഇഷ്‌ടപ്രകാരമാണ് ഈ തൊഴിലിൽ ഏർപ്പെട്ടിരുന്നത്. മറിച്ച് ആരുടെയെങ്കിലും പ്രേരണയാലോ ബലപ്രയോഗത്താലോ നിർബന്ധം മൂലമോ അല്ല. അതിനാൽ അത്തരം പ്രവൃത്തികൾ ഐപിസി സെക്ഷൻ 370 പ്രകാരം പ്രോസിക്യൂഷൻ അധീനതയിലുള്ളതല്ലെന്നും അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി.
പ്രായപൂർത്തിയായവരെയും സ്വമേധയാ ലൈംഗികത്തൊഴിൽ ചെയ്യുന്നവരെയും അറസ്റ്റ് ചെയ്യുകയോ, കുറ്റം സ്ഥാപിക്കുകയോ, ശല്യം ചെയ്യുകയോ, റെയ്‌ഡിലും മറ്റും ഇരയാക്കി ചിത്രീകരിക്കകയോ ചെയ്യരുതെന്നും അതേസമയം വേശ്യാലയം നടത്തുന്നത് നിയമവിരുദ്ധമാണെന്നുമായിരുന്നു അടുത്തിടെയുണ്ടായ സുപ്രീം കോടതി വിധി. ലൈംഗികത്തൊഴില്‍ നിയമപരമായി അംഗീകരിച്ച സുപ്രീം കോടതി അതിലേര്‍പ്പെടുന്നവര്‍ക്ക് നിയമപ്രകാരമുള്ള എല്ലാവിധ അന്തസിനും തുല്യ പരിരക്ഷയ്ക്കും അർഹതയുണ്ടെന്നും വ്യക്തമാക്കിയിരുന്നു.