ദക്ഷിണ കന്നഡ (കർണാടക) : കാറിന്‍റെ ബമ്പറിനകത്ത് കുടുങ്ങി നായ യാത്ര ചെയ്‌തത് 70 കിലോമീറ്റര്‍. കർണാടകയിലെ ദക്ഷിണ കന്നഡയിലാണ് സംഭവം. കാറുമായി കൂട്ടിയിടിച്ചാണ് നായ ബമ്പറിനുള്ളിൽ അകപ്പെട്ടത്.
കാറിടിച്ച് ബമ്പറിനകത്ത് അകപ്പെട്ടു ; നായ സഞ്ചരിച്ചത് 70 കിലോമീറ്റർ - ദക്ഷിണ കന്നട
കർണാടക സുള്ള്യയിലെ ബൽപയിൽവച്ചാണ് കാർ നായയെ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ നായ കാറിന്‍റെ ബമ്പറിനുള്ളിൽ അകപ്പെടുകയായിരുന്നു
പൂത്തൂർ കബക സ്വദേശികളായ സുബ്രഹ്മണ്യനും ഭാര്യയും ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങി വരുന്ന വഴിയാണ് സംഭവം. സുള്ള്യയിലെ ബൽപയിൽവച്ച് ഇവരുടെ കാർ ഒരു നായയുമായി കൂട്ടി ഇടിച്ചിരുന്നു. ഉടനെ തന്നെ കാർ നിർത്തി പരിശോധിച്ചെങ്കിലും നായയെ കണ്ടെത്താനായില്ല.
അത് എവിടെ പോയെന്ന് അവർ ആലോചിക്കുകയും ചെയ്‌തു. തിരിച്ച് വീട്ടിലെത്തി കാർ പരിശോധിച്ചപ്പോൾ കാണുന്നത് ബമ്പർ തകർത്ത് അകത്ത് സുഖമായി ഇരിക്കുന്ന നായയെയാണ്. ബമ്പറിൽ നിന്ന് നായയെ പുറത്തെടുക്കാൻ ഏറെ നേരം നോക്കിയിട്ടും നടന്നില്ല. പിന്നെ വാഹനം വർക്ഷോപ്പില്‍ കൊണ്ടുപോയി ബമ്പർ ഊരിമാറ്റുകയായിരുന്നു. യാതൊരു പരിക്കുകളുമില്ലാതെ നായ രക്ഷപ്പെട്ടത് എല്ലാവർക്കും അത്ഭുതമായി.