ജലോര്‍ (രാജസ്ഥാന്‍): രാജസ്ഥാനില്‍ യുവാവിന്‍റെ വയറ്റില്‍ നിന്ന് 56 ബ്ലേഡ് കഷ്‌ണങ്ങള്‍ പുറത്തെടുത്ത് ഡോക്‌ടര്‍മാര്‍. ജലോറിലെ സഞ്ചൗര്‍ എന്ന സ്ഥലത്തുളള മെഡിപ്ലസ് ആശുപത്രിയിലാണ് സംഭവം. യശ്‌പാല്‍ സിങ് എന്ന യുവാവിന്‍റെ വയറില്‍ നിന്നാണ് ശസ്‌ത്രക്രിയയിലൂടെ ഇത്രയധികം ബ്ലേഡുകള്‍ പുറത്തെടുത്തത്. എന്തുകൊണ്ടാണ് ഇയാള്‍ ബ്ലേഡുകള്‍ വിഴുങ്ങിയതെന്നതിന്‍റെ കാരണം വ്യക്തമല്ല.
ഞായറാഴ്‌ചയാണ് ദാത്ത സ്വദേശിയായ യുവാവിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആ സമയത്ത് യശ്‌പാല്‍ രക്തം ഛര്‍ദിക്കുകയും യുവാവിന്‍റെ വയറ് വീര്‍ക്കുകയും ചെയ്‌തിരുന്നു. ആശുപത്രിയില്‍ കൊണ്ടുവന്ന സമയത്ത് യുവാവിന്‍റെ ഓക്‌സിജന്‍ ലെവല്‍ 80 ആയിരുന്നെന്നും തുടര്‍ന്ന് ഉടന്‍ എക്‌സ്‌റേ എടുത്തുവെന്നും ഡോ. നാര്‍സി റാം ദേവസി പറഞ്ഞു. ആ സമയത്താണ് വയറ്റില്‍ ബ്ലേഡുകള്‍ ഉണ്ടെന്ന് കണ്ടെത്തിയത്.
ആദ്യം തൊണ്ടയിലെ ബ്ലേഡുകള്‍ നീക്കം ചെയ്യാന്‍ ഡോക്‌ടര്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് യുവാവിനെ ഡോക്‌ടര്‍മാര്‍ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. ഡോ. ദേവസിക്ക് പുറമെ ഡോ. പ്രതിമ വെര്‍മ, ഡോ. പുഷ്‌പേന്ദ്ര, ഡോ. ദവാല്‍ ഷാസ, ഡോ. ഷീല ബിഷ്‌ണോയി, ഡോ. നരേഷ് ദേവസി റാംസിന്‍, ഡോ അശോക് വൈഷ്‌ണവ് തുടങ്ങിയ ഡോക്‌ടര്‍മാര്‍ ഉള്‍പ്പെട്ട ടീമാണ് ശസ്‌ത്രക്രിയ നടത്തിയത്.
നഗരത്തില്‍ ഒരു പ്രൈവറ്റ് ഡെവലപ്പറായി ജോലി ചെയ്യുകയാണ് യശ്‌പാല്‍ സിങ്. മറ്റ് നാല് യുവാക്കള്‍ക്കൊപ്പം വാടകവീട്ടിലാണ് താമസം. ഞായറാഴ്‌ച റൂമില്‍ തനിച്ചായിരുന്ന യശ്‌പാല്‍ തന്‍റെ വഷളായ ആരോഗ്യസ്ഥിതിയെകുറിച്ച് അറിയിക്കാന്‍ ഓഫിസിലെ സഹപ്രവര്‍ത്തകരെ വിളിച്ചിരുന്നു. തുടര്‍ന്നാണ് സുഹൃത്തുക്കള്‍ എത്തി യുവാവിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നാലെ പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം അവിടെ നിന്ന് മറ്റൊരു ആശുപത്രിയിലേക്ക് ഡോക്‌ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു.