ഹൈദരാബാദ് :ബരിയാട്രിക് ശസ്‌ത്രക്രിയയിലൂടെ(bariatric surgery) യുവാവിന്‍റെ 70 കിലോഗ്രാം കുറച്ചു. ഹൈദരാബാദിലെ ഒസ്‌മാനിയ ആശുപത്രിയിലാണ് ശസ്‌ത്രക്രിയ നടന്നത്. ഇതാദ്യമായാണ് തെലങ്കാനയില്‍ ഇത്തരമൊരു ശസ്‌ത്രക്രിയ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ നടത്തുന്നതെന്ന് ഡോക്‌ടര്‍മാര്‍ അറിയിച്ചു.
രണ്ട് മാസം മുമ്പാണ് ശസ്‌ത്രക്രിയ നടന്നത്. 240 കിലോയായിരുന്ന യുവാവിന്‍റെ ഭാരം ഇപ്പോള്‍ 170 ആയി കുറഞ്ഞു. 80 മുതല്‍ 90 കിലോഗ്രാം വരെ ഇനിയും കുറയാന്‍ സാധ്യതയുണ്ടെന്ന് ഡോക്‌ടര്‍മാര്‍ അറിയിച്ചു. ഹൈദരാബാദിലെ ഗുഡിമൽകാപൂറിലെ മഹേന്ദര്‍ സിങ്ങിനെയാണ് ശസ്‌ത്രക്രിയയ്‌ക്ക് വിധേയമാക്കിയത്. മഹേന്ദ്ര സിങ്ങിന് ചെറുപ്പം മുതലേ അമിതഭാരം ഉണ്ടായിരുന്നു. വയസ് കൂടുന്തോറും അമിതഭാരത്തിന്‍റെ പ്രശ്‌നവും കൂടി വന്നു.
നടക്കാന്‍ വലിയ വിഷമതകള്‍ ഉണ്ടായി. അമിതഭാരത്തിന്‍റെ ഭാഗമായുള്ള പല ആരോഗ്യ പ്രശ്‌നങ്ങളും കൂടി വന്നു. ഈ സാഹചര്യത്തിലാണ് ഭാരം കുറയ്‌ക്കാനുള്ള ശസ്‌ത്രക്രിയ നടത്താന്‍ മഹേന്ദര്‍ സിങ്ങിന്‍റെ കുടുംബം തീരുമാനിച്ചത്.
സ്വകാര്യ ആശുപത്രികളില്‍ ചെലവ് കൂടുതല്‍ :ആദ്യം ബരിയാട്രിക് ശസ്‌ത്രക്രിയയ്‌ക്കായി സ്വകാര്യ ആശുപത്രിയെയാണ് സമീപിച്ചത്. ശസ്‌ത്രക്രിയയ്ക്ക് 12 ലക്ഷം ചെലവ് വരുമെന്നാണ് സ്വകാര്യ ആശുപത്രി അറിയിച്ചത്. ഇത്രയും ചെലവ് വഹിക്കാന്‍ മഹേന്ദ്ര സിങ്ങിന്‍റെ കുടുംബത്തിന് സാധിക്കുമായിരുന്നില്ല.
ALSO READ:മലേറിയ തടയാനുള്ള പരീക്ഷണം വിജയം; ക്ലിനിക്കൽ പരീക്ഷണങ്ങൾ ഉടൻ: ചരിത്ര നേട്ടവുമായി ഐഎൽഎസ്
അങ്ങനെയാണ് ഇവര്‍ ഒസ്‌മാനിയ ആശുപത്രിയെ സമീപിക്കുന്നത്. 15 ഡോക്‌ടര്‍മാര്‍ അടങ്ങുന്ന സംഘം രൂപീകരിച്ചാണ് ശസ്‌ത്രക്രിയ പൂര്‍ത്തീകരിച്ചത്.
എന്താണ് ബരിയാട്രിക് സര്‍ജറി ? :ബരിയാട്രിക് സര്‍ജറിയില്‍ ഗ്യാസ്‌ട്രിക് ബൈപ്പാസിലൂടെ വയറിന്‍റെ വലുപ്പം കുറയ്‌ക്കുന്നു. കൂടാതെ അമിതമായി ഭക്ഷണം കഴിക്കാനുള്ള ചോദന ഒഴിവാക്കാനായി ചെറുകുടലിന്‍റെ വലുപ്പവും കുറയ്‌ക്കുന്നു. സര്‍ജറിക്ക് ശേഷവും ചികിത്സ ആവശ്യമുണ്ട്. കഴിക്കുന്ന ഭക്ഷണത്തിന്‍റെ അളവ് കുറയുന്നതിലൂടെ ഭാരം ഇനിയും കുറയും.
ശസ്‌ത്രക്രിയ മാനുഷിക പരിഗണനയാല്‍:സര്‍ക്കാര്‍ ആശുപത്രികളില്‍ ബരിയാട്രിക് സര്‍ജറി സാധാരണ നിലയില്‍ നടത്താറില്ല. അമിതഭാരം കാരണമുള്ള പൊണ്ണത്തടി, ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം തുടങ്ങിയ ശാരീരിക പ്രശ്‌നങ്ങള്‍ മഹേന്ദ്ര സിങ് നേരിടുന്നുണ്ടായിരുന്നു. ഇതിന്‍റെ ഭാഗമായി വലിയ മാനസിക സംഘര്‍ഷങ്ങളും അദ്ദേഹം നേരിട്ടിരുന്നു. ഈ ഒരു സാഹചര്യത്തില്‍ മാനുഷിക പരിഗണനവച്ചാണ് ബരിയാട്രിക് ശസ്‌ത്രക്രിയ നടത്തിയതെന്ന് ഒസ്‌മാനിയ ആശുപത്രി അധികൃതര്‍ പറഞ്ഞു.
ശസ്‌ത്രക്രിയയില്‍ നിരവധി വെല്ലുവിളികള്‍ : സര്‍ജറിയുടെ ഭാഗമായി നിരവധി വെല്ലുവിളികള്‍ തങ്ങള്‍ നേരിട്ടിരുന്നുവെന്ന് ഡോക്‌ടര്‍മാര്‍ പറഞ്ഞു. 240 കിലോഗ്രാം ഭാരമുണ്ടായിരുന്ന മഹേന്ദ്ര സിങ്ങിന് ഒറ്റ ടേബിളില്‍ കിടക്കാന്‍ സാധിക്കുമായിരുന്നില്ല. ശരീരത്തിന്‍റെ രണ്ട് ഭാഗത്തും അധികമായി ടേബിളുകള്‍ ഇടേണ്ടിവന്നു. അങ്ങനെ പല വെല്ലുവിളികളും അതിജീവിച്ചാണ് ഈ ശസ്‌ത്രക്രിയ പൂര്‍ത്തിയാക്കിയത്. സര്‍ജറി നടത്തിയ ഡോക്‌ടര്‍മാരെ തെലങ്കാന ആരോഗ്യ മന്ത്രി ഹരീഷ് റാവു അഭിനന്ദിച്ചു.