കേരളം

kerala

ETV Bharat / bharat

'രാജ്യം ഏറ്റവും വലിയ ജനാധിപത്യത്തില്‍ നിന്ന് ഏറ്റവും വലിയ വിദ്വേഷത്തിലേക്ക് എത്തി, എവിടെയും സുരക്ഷിതത്വമില്ല'; 'കാളി' വിവാദത്തില്‍ ലീന

'കാളി' പോസ്‌റ്റര്‍ വിവാദത്തില്‍ തനിക്കെതിരെ നടക്കുന്ന വേട്ടയ്‌ക്കെതിരെ തുറന്നടിച്ച് ലീന മണിമേഖല

Kaali row  Leena Manimekalai on Kaali row  Do not feel safe anywhere at this moment  ഈ നിമിഷം എവിടേയും സുരക്ഷിതത്വം തോന്നുന്നില്ല  കാളി വിവാദത്തില്‍ ലീന മണിമേഖല  ലീന മണിമേഖലയുടെ പ്രതികരണം
'ഈ സമയം എവിടേയും സുരക്ഷിതത്വം തോന്നുന്നില്ല'; 'കാളി' വിവാദത്തില്‍ പ്രതികരണവുമായി ലീന മണിമേഖല

By

Published : Jul 7, 2022, 5:54 PM IST

ന്യൂഡല്‍ഹി :വിവാദങ്ങള്‍ക്കിടെ ' ഈ സമയം എവിടെയും തനിക്ക് സുരക്ഷിതത്വം തോന്നുന്നില്ല' എന്ന പ്രതികരണവുമായി 'കാളി' ഡോക്യുമെന്‍ററി സംവിധായിക ലീന മണിമേഖല. രാജ്യത്ത് ആകമാനം തനിക്കും താന്‍ നിര്‍മിച്ച ഡോക്യുമെന്ററിക്കുമെതിരെ പ്രചരണം നടക്കുകയാണ്. വലതുപക്ഷ തീവ്ര ഹിന്ദു വര്‍ഗീയ ഗ്രൂപ്പുകളാണ് ഇതിന് പിന്നില്‍. വിവിധ പൊലീസ് സ്റ്റേഷനുകളില്‍ തനിക്കെതിരെ എഫ് ഐ ആറുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുകയാണെന്നും മണിമേഖല കൂട്ടിച്ചേര്‍ത്തു.

സിഗരറ്റ് വലിക്കുന്ന 'കാളി'യുടെ പോസ്റ്റര്‍ കഴിഞ്ഞ ദിവസം വന്‍ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. എല്‍ജിബിടിക്യു വിഭാഗത്തിന്‍റെ കൊടിയും പോസ്റ്ററിലുണ്ടായിരുന്നു. 'രാജ്യം ഏറ്റവും വലിയ ജനാധിപത്യത്തിൽ നിന്ന് ഏറ്റവും വലിയ വിദ്വേഷത്തിലേക്ക്' എത്തപ്പെട്ടിരിക്കുന്നു എന്നും തന്നെ 'സെന്‍സര്‍' ചെയ്യാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും, എവിടേയും സുരക്ഷിതത്വം തോന്നുന്നില്ലെന്നും' മണിമേഖല പറഞ്ഞു. ഒരു ഇംഗ്ലീഷ് പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് മണിമേഖല ഇക്കാര്യം വ്യക്തമാക്കിയത്.

രണ്ട് ലക്ഷത്തിലേറെ ഭീഷണി സന്ദേശങ്ങള്‍ :കഴിഞ്ഞ ആഴ്ച ഉയര്‍ന്ന വിവാദത്തിന് പിന്നാലെ മണിമേഖലയ്ക്കും കുടുംബത്തിനും ഇതുവരെ രണ്ട് ലക്ഷത്തിലേറെ ഭീഷണി സന്ദേശങ്ങളാണ് ലഭിച്ചത്. വലതുപക്ഷ ഹിന്ദു ഗ്രൂപ്പുകളുടെ 'വലിയ തോതിലുള്ള കൂട്ടക്കൊല' എന്നാണ് ഇവര്‍ ആക്രമണത്തെ വിശേഷിപ്പിച്ചത്. തന്റെ സിനിമ ദേവിയേയോ ഹിന്ദുമതത്തെയോ അനാദരിക്കുന്നുവെന്ന വാദങ്ങൾ മണിമേഖല തള്ളി. 'ഞാന്‍ തമിഴ്‌നാട്ടിലെ ഒരു ഗ്രാമത്തില്‍ ഹിന്ദുകുടുംബത്തിലാണ് ജനിച്ചതും വളര്‍ന്നതും. എന്നാല്‍ ഇപ്പോൾ ഈശ്വരവിശ്വാസിയല്ല.

ഞാന്‍ വിശ്വസിക്കുന്ന കാളി ആടിന്‍റെ രക്തത്തില്‍ വേവിച്ച മാസം ഭക്ഷിക്കും, ചാരായം കുടിക്കും, ബീഡി വലിക്കും, കാനന നൃത്തം ചെയ്യും'. ഇതെല്ലാമാണ് തന്റെ സിനിമയിലും അവതരിപ്പിക്കാന്‍ ശ്രമിച്ചതെന്നും അവര്‍ പറഞ്ഞു. മൗലികവാദികളില്‍ നിന്ന് എന്റെ സംസ്കാരവും പാരമ്പര്യങ്ങളും ഗ്രന്ഥങ്ങളും സംരക്ഷിക്കാന്‍ എനിക്ക് അവകാശമുണ്ട്. അതിന് മതവുമായോ വിശ്വാസവുമായോ യാതൊരു ബന്ധവുമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വിവാദത്തില്‍ തൃണമൂല്‍ എം.പിയും:മണിമേഖലയ്‌ക്കെതിരെ ഡൽഹിയിലും ഉത്തർപ്രദേശിലും രണ്ട് വ്യത്യസ്ത എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബുധനാഴ്ച ഭോപ്പാലിലും രത്‌ലമിലും അവർക്കെതിരെ രണ്ട് കേസുകൾ കൂടി ഫയൽ ചെയ്തു. മണിമേഖലയെ കൂടാതെ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്‌ത്രയ്‌ക്കെതിരെയും ഇതേ വിഷയത്തില്‍ വലതുപക്ഷ ഗ്രൂപ്പുകള്‍ ആക്രമണം ആരംഭിച്ചിട്ടുണ്ട്. എന്‍റെ വിശ്വാസത്തിലെ ദേവി മാംസം കഴിക്കുമെന്നും, എനിക്ക് അങ്ങനെ വിശ്വസിക്കാനാണ് ഇഷ്ടം എന്നും കഴിഞ്ഞ ദിവസം മൊയ്ത്ര പറഞ്ഞിരുന്നു. ഇതിന് പിന്നാലെ അവരുടെ പാര്‍ട്ടിയായ തൃണമൂല്‍ കോണ്‍ഗ്രസ്, എം.പിയെ തള്ളി രംഗത്തെത്തി. കൂടാതെ ഉത്തര്‍ പ്രദേശില്‍ മൊയ്ത്രക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുമുണ്ട്.

Also Read: 'സിഗരറ്റ് വലിക്കുന്ന കാളി' ; മഹുവ മൊയ്ത്രയെ അറസ്റ്റുചെയ്യണമെന്ന് ബിജെപി, കാളിഭക്തര്‍ ആരെയും പേടിക്കില്ലെന്ന് മറുപടി

അതേസമയം നിയമപരമായ കാരണങ്ങളാല്‍ മണിമേഖലയുടെ ട്വീറ്റ് പിന്‍വലിച്ചതായി ട്വിറ്റര്‍ അറിയിച്ചു. ടൊറന്റോയിലെ ആഗ ഖാൻ മ്യൂസിയം തങ്ങളുടെ പരിപാടിയില്‍ നിന്നും മണിമേഖലയുടെ ഡോക്യുമെന്‍ററി പിന്‍വലിച്ചിട്ടുണ്ട്. നേരത്തെ ഡോക്യുമെന്‍ററി ഇതേ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

ABOUT THE AUTHOR

...view details