ന്യൂഡൽഹി : മെട്രോ ശൃംഖല വികസിപ്പിക്കുമെന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍. ഡിഎംആര്‍സിയുടെ ഫേസ് -5 വികസനത്തിന്‍റെ ഭാഗമായി 52 പുതിയ ട്രെയിനുകള്‍ വാങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതില്‍ 39 ട്രെയിനുകള്‍ നിലവിലുള്ള പിങ്ക് ലൈൻ (മജ്‌ലിസ് പാർക്ക്-ശിവ് വിഹാർ), മജന്ത ലൈൻ (ബൊട്ടാണിക്കൽ ഗാർഡൻ-ജനക്പുരി വെസ്റ്റ്) ഭാഗത്തേക്ക് ഓടുന്നതിനായാണ് ഉപയോഗിക്കുക.
ബാക്കി ട്രെയിനുകള്‍ എയ്റോസിറ്റിക്കും തുഗ്ലക്കാബാദിനും ഇടയിൽ നിർമിക്കുന്ന ലൈനില്‍ ഓടിക്കും. ട്രെയിനുകള്‍ വാങ്ങുന്നതിനുള്ള ടെൻഡറുകൾ നേരത്തേ തന്നെ വിളിച്ചതാണെന്നും കോര്‍പറേഷന്‍ അറിയിച്ചു. എന്നാല്‍ നിലവില്‍ ആരുമായും കരാറായിട്ടില്ല. 312 കോച്ചുകളാകും വികസനത്തിന്‍റെ ഭാഗമായി കൂടുതലായി സര്‍വീസ് നടത്തുകയെന്നും അധികൃതര്‍ അറിയിച്ചു. ഇന്ത്യയിലെ ആദ്യത്തെ ഡ്രൈവറില്ലാ ട്രെയിനായ മജന്ത ലൈന്‍ (ലൈൻ 8) 2020 ഡിസംബർ 28 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തിരുന്നു.