ന്യൂഡൽഹി: ഡൽഹി മെട്രോയിൽ സ്‌ത്രീകൾക്കുള്ള ഇരിപ്പിടത്തിന്‍റെ മുകളിൽ കോണ്ടത്തിന്‍റെ പരസ്യം സ്ഥാപിച്ചതിനെതിരെ പ്രതിഷേധം. പരസ്യം സ്ഥാപിച്ചിരിക്കുന്നതിന്‍റെ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായതിനെ തുടർന്നാണ് നിരവധി ഉപയോക്താക്കൾ പോസ്റ്റർ നീക്കം ചെയ്യാൻ ഡൽഹി മെട്രോ റെയിൽ കോർപറേഷനോട് (ഡിഎംആർസി) ആവശ്യപ്പെട്ടു.
ബുധനാഴ്‌ച ഒരു ട്വിറ്റർ ഉപയോക്താവ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച ചിത്രത്തിന് താഴെ നിരവധി ഉപയോക്താക്കൾ ഡിഎംആർസിയെ ടാഗ് ചെയ്യുകയും പോസ്റ്ററിനെതിരെ അടിയന്തര നടപടിയെടുക്കാൻ ആവശ്യപ്പെടുകയും ചെയ്‌തിരുന്നു.
"ഡൽഹി മെട്രോ… നിങ്ങൾ ഇത്രയ്ക്കും പുരോഗമവാദികളായോ? സ്ത്രീകളുടെ ഇരിപ്പിടത്തിന്‍റെ മുകളിൽ കോണ്ടത്തിന്‍റെ പരസ്യമോ? ഇത് നിങ്ങളുടെ തെറ്റ് അല്ല… പക്ഷെ നിങ്ങൾ ഒരു കാര്യം അറിഞ്ഞിരിക്കണം. പകൽ സമയത്ത് കോണ്ടത്തിന്‍റെ പരസ്യങ്ങൾ ടെലികാസ്റ്റ് ചെയ്യാൻ പാടില്ലെന്നുള്ള നിയമമുള്ള രാജ്യമാണിത്…"പരസ്യം നീക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ഒരാൾ ട്വിറ്ററിൽ കുറിച്ചു.
എന്നാൽ ഇത് പഴയ പരസ്യമാണെന്നും ഇതിനകം തന്നെ നീക്കം ചെയ്‌തതാണെന്നും ഡിഎംആർസി വൃത്തങ്ങൾ വിശദീകരണം നൽകി.
അതേസമയം പരസ്യത്തെ അനുകൂലിച്ചും നിരവധി പേർ രംഗത്തെത്തി. പരസ്യം സ്ത്രീകളുടെ ഇരിപ്പിടത്തിന് മുകളിൽ സ്ഥാപിച്ചതുകൊണ്ട് എന്താണ് തെറ്റെന്നും അങ്ങനെ സ്ഥാപിക്കാൻ പാടില്ല എന്ന് നിയമമില്ലെന്നും പലരും വാദിച്ചു.