ന്യൂഡൽഹി:ഡൽഹി മെട്രോ ട്രെയിനിനകത്തും പരിസരങ്ങളിലും യാത്രക്കാർ 'മാന്യമായ രീതിയിൽ' പെരുമാറണമെന്ന് ഡിഎംആർസി മേധാവി വികാസ് കുമാർ. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഡൽഹി മെട്രോ ട്രെയിനുകളിലും പരിസരങ്ങളിലും നടന്ന വിവാദ വൈറൽ വീഡിയോകൾക്ക് പിന്നാലെയാണ് ഈ തീരുമാനം (DMRC chief appeals to people to not engage in objectionable activities in Delhi Metro).
യാത്രക്കാരോട് സ്വയം അച്ചടക്കം പാലിക്കാനും സമൂഹത്തിന്‍റെ നന്മയ്ക്കായി ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ അഭ്യർഥിക്കുന്നതായും മോശമായി പെരുമാറുന്നവരെ ഉപദേശിക്കാൻ ഞങ്ങൾ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കാലാകാലങ്ങളിൽ ഉദ്യോഗസ്ഥർ മിന്നൽ പരിശോധന നടത്താറുണ്ടെന്നും പ്രവർത്തനങ്ങൾ പരിശോധിക്കാൻ ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (ഡിഎംആർസി) പരമാവധി ശ്രമിക്കുന്നുണ്ടെന്നും കുമാർ പിടിഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
അതേസമയം കുറച്ച് മാസങ്ങൾക്ക് മുൻപ് യാത്രക്കാർ കോച്ചുകൾക്കകത്തും പ്ലാറ്റ്‌ഫോമുകളിലും നൃത്തം ചെയ്യുന്നതും യുവതിയും ആണ്‍സുഹൃത്തും അടുത്തിടപഴകുന്നതും സ്‌നേഹപ്രകടനം നടത്തുന്നതും തുടങ്ങി നിരവധി സംഭവങ്ങൾ വൈറലായിരുന്നു. മെട്രോ പരിസരത്ത് എല്ലായിടത്തും സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കാൻ കഴിയില്ലെന്നും ഇത്തരം സംഭവങ്ങൾ അധികൃതരെ അറിയിക്കാൻ യാത്രക്കാരോട് അഭ്യർഥിച്ചുവെന്നും ഡിഎംആർസി മാനേജിങ് ഡയറക്‌ടർ കുമാർ അഭിപ്രായപ്പെട്ടു.
യാത്രക്കാർ മെട്രോ പരിസരങ്ങളിൽ മോശമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതു കണ്ടാൽ അവരെ പിടികൂടുകയും അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തേണ്ടത് പൗരന്മാരുടെയും ഉത്തരവാദിത്തമാണെന്നും മെട്രോ പരിസരത്ത് എല്ലായിടത്തും സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കാൻ കഴിയില്ലെന്നും അദ്ദേഹം അടുത്തിടെ പിടിഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
സമയാസമയങ്ങളിൽ മിന്നൽ പരിശോധന നടത്തുന്ന നിയുക്ത സ്ക്വാഡുകൾ സ്ഥലത്തുണ്ട്. ഡൽഹി മെട്രോ സ്‌റ്റേഷനുകളുടെ പരിസരം കാക്കാൻ സിഐഎസ്‌എഫിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും സ്‌ത്രീകൾക്കായി നീക്കിവച്ചിരിക്കുന്ന കോച്ചുകളിൽ പുരുഷന്മാർ പ്രവേശിക്കുന്നതുൾപ്പെടെയുള്ള മാനദണ്ഡങ്ങൾ ലംഘിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്ന ഡിഎംആർസി സ്‌ക്വാഡ് അംഗങ്ങൾ ഉണ്ടെന്നും കുമാർ കൂട്ടിച്ചേർത്തു.