ന്യൂഡൽഹി: അടുത്തിടെ നടന്ന തെരഞ്ഞെടുപ്പുകളിൽ ബിജെപി നേട്ടമുണ്ടാക്കിയ ഹിന്ദി ഹൃദയഭൂമിയെ ഡിഎംകെ എംപി ലോക്‌സഭയിൽ ഗോമൂത്ര സംസ്ഥാനങ്ങൾ എന്ന് വിശേഷിപ്പിച്ചതിനെച്ചൊല്ലി വിവാദം കൊഴുക്കുന്നു (DMK MP Sparks Row with Gaumutra States Remark). ഡിഎംകെ എംപി ഡിഎൻവി സെന്തിൽ കുമാറാണ് (DNV Senthil Kumar) വിവാദ പരാമർശം നടത്തിയത്. ഇന്ന് (ചൊവ്വ) ചേർന്ന ലോക്‌സഭയുടെ ശീതകാല സമ്മേളനത്തിനിടെ ജമ്മു കാശ്‌മീർ പുനഃസംഘടനാ (ഭേദഗതി) ബില്ലിനെക്കുറിച്ച് ചർച്ച നടന്നപ്പോഴാണ് സംഭവം. പരാമർശത്തിൽ ബിജെപിക്കുപുറമെ കോൺഗ്രസ് അടക്കമുള്ള പാർട്ടികൾകൂടി പ്രതിഷേധിച്ചപ്പോൾ സെന്തിൽ മാപ്പുപറഞ്ഞെങ്കിലും വിവാദം ഇപ്പോഴും പുകയുകയാണ്.
ബിജെപി വിജയിക്കുന്നത് ഹിന്ദി ഹൃദയഭൂമിയിലെ സംസ്ഥാനങ്ങളില്‍ മാത്രമാണെന്നും, അവയെ ഗോമൂത്ര സംസ്ഥാനങ്ങളെന്നാണ് വിളിക്കുന്നതെന്നുമാണ് സെന്തില്‍ കുമാര്‍ സഭയിൽ പറഞ്ഞത്. ഇതോടൊപ്പം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ തമിഴ്‌നാട്, കേരളം, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽ ബിജെപി പരാജയപെടുന്നതും സെന്തിൽ ചൂണ്ടിക്കാട്ടി.
സെന്തിൽ കുമാറിന്‍റെ പരാമർശങ്ങളെ ഇന്ത്യാ സഖ്യത്തിനെതിരെ തിരിച്ചുവിട്ട ബിജെപി നേതാക്കൾ അതിനെ വിദ്വേഷ പ്രസംഗം എന്ന് വിശേഷിപ്പിക്കുകയും, അടുത്ത തെരഞ്ഞെടുപ്പിൽ ദക്ഷിണേന്ത്യയിൽ നിന്ന് ഇന്ത്യാ സംഘത്തെ തുടച്ചു നീക്കുമെന്നും പ്രതികരിച്ചു. രാജ്യത്തെ ജനങ്ങള്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നവരോട് പൊറുക്കില്ലെന്ന് ഡിഎംകെയ്ക്ക് നന്നായി അറിയാമെന്ന് കേന്ദ്രമന്ത്രി മീനാക്ഷി ലേഖിയും പ്രതികരിച്ചു. ഗോമൂത്രത്തിന്‍റെ ഗുണങ്ങള്‍ ഡിഎംകെയ്ക്ക് ഉടന്‍ മനസിലാകും. രാജ്യത്തിന്‍റെ വികാരം വ്രണപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്ക് ജനങ്ങള്‍ കനത്ത തിരിച്ചടി നല്‍കുമെന്നും മീനാക്ഷി ലേഖി മുന്നറിയിപ്പ് നല്‍കി.