സേലം:പുതുതായി തെരഞ്ഞെടുത്ത യുവജനക്ഷേമ, കായിക മന്ത്രിയും തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍റെ മകനുമായ ഉദയനിധി സ്റ്റാലിനോട് അടുത്തിടപഴകാൻ ശ്രമിച്ച പാർട്ടി പ്രവർത്തകനെ മറ്റൊരു മന്ത്രി മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. വെള്ളിയാഴ്‌ച നടന്ന സ്വീകരണ ചടങ്ങിൽ തമിഴ്‌നാട് മുനിസിപ്പൽ അഡ്‌മിനിസ്‌ട്രേഷൻ മന്ത്രി കെ എൻ നെഹ്‌റുവാണ് ഉദയനിധി സ്റ്റാലിനെ ഹസ്‌തദാനം ചെയ്യാൻ ശ്രമിച്ച ഡിഎംകെ പ്രവർത്തകനെ മർദിച്ചത്. മന്ത്രിയായി സ്ഥാനമേറ്റതിന് ശേഷമുള്ള അദ്ദേഹത്തിന്‍റെ ആദ്യ സന്ദർശനത്തിന്‍റെ ഭാഗമായി, തലൈവാസൽ ബസ് സ്റ്റാൻഡിൽ സേലം ഈസ്റ്റ് ജില്ല ഘടകം നൽകിയ സ്വീകരണത്തിനിടെയാണ് സംഭവം.
ആയിരക്കണക്കിന് ഡിഎംകെ പ്രവർത്തകർ പങ്കെടുത്ത ചടങ്ങിൽ നിരവധിപേർ വേദിയിലെത്തി അദ്ദേഹത്തെ അഭിവാദ്യം ചെയ്യുകയുണ്ടായി. തിരക്ക് നിയന്ത്രിക്കാനായി പാർട്ടി പ്രവർത്തകർ ശ്രമിക്കുന്നതിനിടെ ഉദയനിധിക്ക് കൈ കൊടുത്ത പ്രവർത്തകനെ മന്ത്രി നെഹ്‌റു തടയുകയും തള്ളിമാറ്റുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. സംഭവത്തിൽ പ്രതിപക്ഷ പാർട്ടികളിൽ നിന്ന് വലിയ വിമർശനങ്ങളാണുയരുന്നത്.