ചെന്നൈ:കൈക്കൂലി കേസുമായി ബന്ധപ്പെട്ട് തമിഴ്‌നാട് വൈദ്യുതി മന്ത്രിയും ഡിഎംകെ നേതാവുമായ സെന്തില്‍ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്‌തു. 17 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് സെന്തില്‍ ബാലാജിയുടെ അറസ്റ്റ് ഇഡി രേഖപ്പെടുത്തിയത്. ഇതിനിടെ ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് സെന്തില്‍ ബാലാജിയെ ഇന്ന് പുലര്‍ച്ചെ ഏഴുമണിയോടെയാണ് ചെന്നൈയിലെ ഒമന്‍ഡുരാർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ (ജൂണ്‍ 13) രാവിലെ മുതല്‍ മന്ത്രിയുടെ ഓഫിസിലും വീട്ടിലും ഇഡി റെയ്‌ഡ് നടത്തിയിരുന്നു. DMK Minister Senthil Balaji breaks down in ED custody
സംഭവത്തില്‍ ഡിഎംകെ മന്ത്രിയും അഭിഭാഷകനുമായ എന്‍ആര്‍ ഇളങ്കോ, മന്ത്രി ഉദയനിധി സ്റ്റാലിന്‍ തുടങ്ങി നിരവധി നേതാക്കള്‍ പ്രതിഷേധവുമായി രംഗത്ത് വന്നു. സെന്തില്‍ ബാലാജിയെ നെഞ്ചുവേദനയെ തുടര്‍ന്ന് ഐസിയുവിലേക്ക് മാറ്റിയെന്നും അദ്ദേഹത്തിന്‍റെ അറസ്റ്റ് ഇഡി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല എന്നും ഇളങ്കോ പ്രതികരിച്ചു.
സെന്തില്‍ ബാലാജി ചികിത്സയിലാണെന്ന് ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു. 'സംഭവത്തെ ഞങ്ങള്‍ നിയമപരമായി നേരിടും. ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന്‍റെ ഭീഷണി രാഷ്‌ട്രീയത്തെ ഞങ്ങൾ ഭയപ്പെടുന്നില്ല' -അദ്ദേഹം കൂട്ടിച്ചേർത്തു.
ഇഡി ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ എടുക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടതായി ബാലാജി പരാതിപ്പെട്ടിരുന്നു എന്ന് ഡിഎംകെ നേതാക്കൾ പറഞ്ഞു. ഇഡി ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ അദ്ദേഹത്തിന് ബോധം നഷ്‌ടപ്പെട്ടിരുന്നു എന്നും നേതാക്കള്‍ ആരോപിച്ചു. അതേസമയം ബാലാജിയെ സന്ദര്‍ശിക്കുന്നതിനായി കായിക യുവജനക്ഷേമ മന്ത്രി ഉദയനിധി സ്റ്റാലിൻ, ആരോഗ്യമന്ത്രി എം സുബ്രഹ്മണ്യൻ, പൊതുമരാമത്ത്-ഹൈവേ മന്ത്രി ഇവി വേലു, എച്ച്ആർ-സിഇ മന്ത്രി ശേഖർ ബാബു എന്നിവരും വിവിധ ഡിഎംകെ അനുഭാവികളും ആശുപത്രിയിലെത്തി.
കോഴപ്പണ കേസുമായി ബന്ധപ്പെട്ട് സെന്തില്‍ ബാലാജിയുടെ കരൂരിലെ വസതിയിലും സംസ്ഥാന സെക്രട്ടേറിയറ്റിലെ ഓഫിസിലും ഇഡി ചൊവ്വാഴ്‌ച റെയ്‌ഡ് നടത്തിയിരുന്നു. ഇതിന് പുറമെ അദ്ദേഹത്തിന്‍റെ സഹോദരന്‍, അടുത്ത സഹായി എന്നിവരുമായി ബന്ധപ്പെട്ട ഇടങ്ങളിലും റെയ്‌ഡ് നടന്നു. ഡിഎംകെയുടെ നേതൃത്വത്തിലുള്ള തമിഴ്‌നാട് സർക്കാരിൽ വൈദ്യുതി, എക്‌സൈസ് വകുപ്പ് മന്ത്രിയാണ് വി സെന്തിൽ ബാലാജി.
ജയലളിത സര്‍ക്കാരില്‍ ഗതാഗത മന്ത്രിയായിരിക്കെ സെന്തില്‍ ബാലാജി കൈക്കൂലി വാങ്ങി നിയമനം നടത്തി എന്നാണ് ആരോപണം. ട്രാന്‍സ്‌പേര്‍ട്ട് കോര്‍പറേഷനില്‍ ഡ്രൈവര്‍, കണ്ടക്‌ടര്‍ നിയമനങ്ങള്‍ക്ക് കോഴ വാങ്ങി എന്ന പരാതി സെന്തില്‍ ബാലാജിക്കെതിരെ ഉയര്‍ന്നിരുന്നു. സംഭവത്തില്‍ കഴിഞ്ഞമാസം അദ്ദേഹവുമായി ബന്ധമുള്ളവരുടെ സ്ഥാപനങ്ങളിലും മറ്റും പൊലീസ് തെരച്ചില്‍ നടത്തിയിരുന്നു. ആദായ നികുതി വകുപ്പും റെയ്‌ഡ് നടത്തിയിട്ടുണ്ട്. എഐഎഡിഎംകെ ഭരണത്തില്‍ 2011-2015 കാലത്ത് ഗതാഗത മന്ത്രിയായിരുന്ന സെന്തില്‍ ബാലാജി പിന്നീട് ഡിഎംകെയില്‍ ചേരുകയായിരുന്നു.