ചെന്നൈ: കൊവിഡ് രണ്ടാം തരംഗം രാജ്യമെങ്ങും വ്യാപിക്കുമ്പോൾ സംസ്ഥാനത്തേക്ക് കൂടുതൽ കൊവിഡ് വാക്‌സിൻ ഡോസുകൾ ആവശ്യപ്പെട്ട് ഡി.എം.കെ അധ്യക്ഷൻ എം.കെ സ്‌റ്റാലിൻ. 20 ലക്ഷം കൊവിഡ് വാക്‌സിൻ ഡോസുകൾ ഉടൻ ലഭ്യമാക്കണമെന്നും സംസ്ഥാനത്തെ ജനസംഖ്യയ്‌ക്ക് അനുസൃതമായി വാക്‌സിൻ വിതരണം ഉറപ്പാക്കണമെന്നും അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ടു.
തമിഴ്‌നാട്ടിലേക്ക് കൂടുതൽ വാക്‌സിൻ ആവശ്യപ്പെട്ട് എം.കെ സ്‌റ്റാലിൻ
കൊവിഡ് വാക്‌സിന്‍റെ 20 ലക്ഷം ഡോസുകൾ കൂടി അധികം വേണമെന്ന് എംകെ സ്റ്റാലിന്‍.
കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ജീവൻ സംരക്ഷിക്കാൻ സാർവത്രിക വാക്‌സിനേഷൻ ആവശ്യമാണെന്നും എത്രയും വേഗം തീരുമാനം എടുക്കണമെന്നും അദ്ദേഹം കത്തിൽ സൂചിപ്പിക്കുന്നു. ഫലപ്രദമായ പ്രതിരോധ കുത്തിവയ്‌പ്പ് എടുക്കുന്നതിന് അനുവദിച്ചതിനേക്കാൾ കൂടുതൽ വാക്‌സിൻ ആവശ്യമാണെന്നും സംസ്ഥാനത്ത് ഇപ്പോൾ വാക്‌സിൻ ക്ഷാമം ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
എല്ലാ സമയത്തും കേന്ദ്രത്തിന്‍റെ അംഗീകാരത്തിനായി കാത്തിരിക്കാൻ സാധിക്കാത്തതിനാൽ കൊവിഡ് ബാധിച്ച സംസ്ഥാനങ്ങൾക്ക് മരുന്നുകൾ, വാക്‌സിനുകൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവ സ്വതന്ത്രമായി വാങ്ങിക്കാൻ കേന്ദ്രം അനുവദിക്കണമെന്നും എം.കെ സ്‌റ്റാലിൻ ആവശ്യപ്പെട്ടു. അതേ സമയം 9,344 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ തമിഴ്നാട്ടില്‍ ആകെ കൊവിഡ് രോഗികളുടെ എണ്ണം 9,80,728 ആയി.