ചെന്നൈ: സ്‌ത്രീകൾക്ക് ധനസഹായ പദ്ധതിയുമായി തമിഴ്‌നാട് സർക്കാർ. സ്‌ത്രീകൾ കുടുംബനാഥകളായുള്ള വീടുകളിൽ അർഹരായവർക്ക് പ്രതിമാസം 1000 രൂപ ധനസഹായം നൽകുന്ന പദ്ധതി 2023-24 സംസ്ഥാന ബജറ്റിൽ ധനമന്ത്രി പളനിവേൽ ത്യാഗ രാജൻ പ്രഖ്യാപിച്ചു. പശ്ചിമ ബംഗാൾ പദ്ധതിയായ ' ലക്ഷ്‌മീർ ഭണ്ഡാർ' മാതൃകയിൽ 'മഗളിർ ഉറിമൈ (Women Rights Scheme)' എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്.
2023 സെപ്‌റ്റംബർ 15 മുതൽ പദ്ധതി പ്രാബല്യത്തിൽ വരും. 7000 കോടിയാണ് തമിഴ്‌നാട് സർക്കാർ പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്. 50 ശതമാനത്തിലധികം സ്‌ത്രീ വോട്ടർമാരുള്ള സംസ്ഥാനത്ത് ഈ പ്രഖ്യാപനം ഡിഎംകെയുടെ വോട്ട് ബാങ്കിന് ഗുണം ചെയ്യും.
ഡിഎംകെയുടെ തെരഞ്ഞെടുപ്പ് വാഗ്‌ദാനം: തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 3,04,89,866 പുരുഷ വോട്ടർമാരും 3,15,43,286 സ്‌ത്രീ വോട്ടർമാരുമാണുള്ളത്. 2021 ലെ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഡിഎംകെ നൽകിയ സുപ്രധാന വാഗ്‌ദാനങ്ങളിൽ ഒന്നായിരുന്നു കുടുംബനാഥകൾക്കുള്ള ധനസഹായം. നിലവിൽ സർക്കാർ വാഗ്‌ദാനം പ്രാബല്യത്തിൽ കൊണ്ടുവരാൻ തീരുമാനിച്ചെങ്കിലും ഭരണത്തിൽ വന്ന് വർഷങ്ങൾ കഴിഞ്ഞിട്ടും നടപ്പാക്കാതിരുന്നതിന് മുൻപ് പല തവണ എഐഎഡിഎംകെയുടെ വിമർശനങ്ങൾ സർക്കാർ നേരിടേണ്ടി വന്നിട്ടുണ്ട്.
also read:'ഭരണപക്ഷത്തെ നേതാക്കളോട് ഇങ്ങനെ എപ്പോഴെങ്കിലും ചോദിച്ചിട്ടുണ്ടോ'; ഡല്‍ഹി പൊലീസിന് പ്രാഥമിക മറുപടി നല്‍കി രാഹുല്‍ ഗാന്ധി
ദ്രാവിഡ ഐക്കണും ഡിഎംകെ സ്ഥാപകനുമായ സിഎൻ അണ്ണാദുരൈയുടെ ജന്മദിനമായ സെപ്‌റ്റംബർ 15 നാണ് പദ്ധതി ലോഞ്ച് ചെയ്യുന്നത്. 1967 നും 1969 നും ഇടയിൽ തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്നു അണ്ണാദുരൈ, സ്വതന്ത്രാനന്തര ഇന്ത്യയിലെ ആദ്യത്തെ കോൺഗ്രസ് ഇതര സർക്കാരിനെ നയിച്ച നേതാവ് കൂടിയാണ്. പദ്ധതി എങ്ങനെ നടപ്പാക്കും എന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ സർക്കാർ പിന്നീട് അറിയിക്കും.
ഡിഎംകെയ്‌ക്ക് പൊൻതൂവലായി പദ്ധതി: കുടുംബനാഥമാരും സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്നതുമായ സ്‌ത്രീകളെ സാമ്പത്തികമായി സഹായിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. സ്‌ത്രീശാക്തീകരണത്തിനും സ്‌ത്രീകളുടെ ആവശ്യങ്ങൾ അഭിസംബോധന ചെയ്യുന്നതിനുമുള്ള പാർട്ടിയുടെ പ്രതിബന്ധത ഡിഎംകെയുടെ രാഷ്‌ട്രീയ പിന്തുണയിൽ കാര്യമായ സ്വാധീനം ഉണ്ടാക്കും.
also read:കർണാടക നിയമസഭ തെരഞ്ഞെടുപ്പ്: പണമെറിയാൻ മുന്നണികൾ, ഇതുവരെ പിടിച്ചെടുത്തത് 9.29 കോടിയുടെ പണവും വസ്‌തുക്കളും
മമത ബാനർജിയുടെ 'ലക്ഷ്‌മീർ ഭണ്ഡാർ': 2021ലെ നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മുഖ്യമന്ത്രി മമത ബാനർജി ആരംഭിച്ച പദ്ധതിയുടെ അതേ മാതൃകയിലാണ് പദ്ധതി നടപ്പാക്കുന്നത്. പശ്ചിമ ബംഗാളിലെ 1.6 കോടി കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കുന്ന പദ്ധതിയിൽ പൊതുവിഭാഗത്തിൽപ്പെടുന്ന കുടുംബങ്ങളിലെ സ്‌ത്രീകൾക്ക് പ്രതിമാസം 500 രൂപയും എസ്‌സി, എസ്‌ടി വിഭാഗത്തിലുള്ളവർക്ക് 1000 രൂപയുമാണ് സർക്കാർ നൽകുന്നത്.
also read: വണ്‍ റാങ്ക്, വണ്‍ പെൻഷൻ: 'എന്താണ് ഇത്ര രഹസ്യം?' മുദ്രവച്ച കവര്‍ തിരിച്ചയച്ച് സുപ്രീംകോടതി