ബെംഗളൂരു : കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിനായി കനകപൂരില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് കെപിസിസി പ്രസിഡന്‍റ് ഡി കെ ശിവകുമാറും സഹോദരനായ ഡി കെ സുരേഷ് എംപിയും. കനകപൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ഡി കെ ശിവകുമാര്‍ ഏപ്രില്‍ 17ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സഹോദരന്‍റെയും പത്രിക സമര്‍പ്പണം. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസമായ ഇന്നലെയാണ് ഡി കെ സുരേഷ് ഇലക്ഷന്‍ ഓഫിസര്‍ക്ക് മുമ്പാകെ പത്രിക സമര്‍പ്പിച്ചത്.
ഡി കെ ശിവകുമാറിന്‍റെ പത്രിക തള്ളുമെന്ന് അഭ്യൂഹം:തെരഞ്ഞെടുപ്പില്‍ കനകപൂരില്‍ നിന്ന് മത്സരിക്കുന്നതിനായി നേരത്തെ തന്നെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ഡി കെ ശിവകുമാറിന്‍റെ നാമനിര്‍ദേശ പത്രിക തള്ളുമെന്ന അഭ്യൂഹം നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ മുന്‍കരുതലെന്നോണമാണ് ഡി കെ സുരേഷും പത്രിക സമര്‍പ്പിച്ചത്.
വിഷയത്തില്‍ പ്രതികരണവുമായി ഡി കെ സുരേഷ്: 'ഡി കെ ശിവകുമാറിനെ തെരഞ്ഞെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ ബിജെപി ചില തന്ത്രങ്ങള്‍ മെനയുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. മുന്‍കരുതല്‍ എന്ന നിലയിലാണ് ഞാനും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. കനകപൂരില്‍ തനിക്കും മത്സരിക്കാന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കിയിട്ടുണ്ട്' -ഡി കെ സുരേഷ് പറഞ്ഞു.
'കര്‍ണാടക തെരഞ്ഞെടുപ്പ് അടുത്തതോടെ പലരുടെയും കണ്ണുകള്‍ ഡി കെ ശിവകുമാറിലാണ്. തെറ്റായ വഴിയിലൂടെ ശിവകുമാറിനെ പരാജയപ്പെടുത്താനാണ് ബിജെപി പദ്ധതിയിടുന്നത്. നേരത്തെ ഡി കെ ശിവകുമാറിനെ അറസ്റ്റ് ചെയ്‌തതും നോട്ടിസ് നല്‍കിയതും എല്ലാവരും കണ്ടതാണ്. അധികാര ദുര്‍വിനിയോഗം നടത്തുകയാണ് ബിജെപി' -ഡി കെ സുരേഷ് കൂട്ടിച്ചേര്‍ത്തു.