ഹൈക്കമാൻഡിന്‍റെ വിശ്വസ്‌തൻ, ഇലക്ഷൻ സ്ട്രാറ്റജിസ്‌റ്റ്, ട്രബിൾ ഷൂട്ടർ... പേരുകൾ അനവധിയുണ്ട്... ഡി കെ എന്നും ഡി കെ ശി എന്നും വിളിപ്പേരുള്ള സാക്ഷാല്‍ ഡികെ ശിവകുമാറിന്... കർണാടകത്തില്‍ ബിജെപിയെ പരാജയപ്പെടുത്തി കേവല ഭൂരിപക്ഷവും മറികടന്ന് കോൺഗ്രസ് അധികാരത്തിലെത്തുമ്പോൾ അത് ദൊഡ്ഡലഹള്ളി കെംപഗൗഡ ശിവകുമാർ എന്ന ഡിെക ശിവകുമാറിന്‍റെ വിജയമാണ്.
ഒരു വാക്ക് കൊണ്ടും ഒരു നോട്ടം കൊണ്ടും ഏത് പ്രതിസന്ധി ഘട്ടത്തിലും കർണാടക കോൺഗ്രസിന് എന്നും രക്ഷകനാണ് ഡികെ ശിവകുമാർ. എംഎല്‍എമാരും നേതാക്കൻമാരും ബിജെപിയില്‍ ചേരുമ്പോഴും അണികളെ സാധാരണ പ്രവർത്തകരെ ചേർത്തു നിർത്തി ഡികെ ശിവകുമാർ നടത്തിയ രാഷ്ട്രീയപ്പോരാട്ടമാണ് കർണാടകയില്‍ കോൺഗ്രസിന് കരുത്തായത്.
ആ പോരാട്ടത്തിന് വർഷങ്ങളുടെ പഴക്കം: കർണാടകത്തില്‍ ബിജെപി ഭയക്കുന്നുണ്ടെങ്കില്‍ അത് ഡികെ ശിവകുമാറിനെ മാത്രമാണെന്ന് പറഞ്ഞത് പഴയൊരു ബിജെപി നേതാവാണ്. അതിനൊരു കാരണമുണ്ട്. ബിജെപി പയറ്റിയ റിസോർട്ട് രാഷ്ട്രീയത്തെ അതേ നാണയത്തില്‍ നേരിട്ട് കോൺഗ്രസിനെ പലപ്പോഴും പിടിച്ചു നിർത്തിയിട്ടുണ്ട് ഡികെ. 2017ല്‍ കോൺഗ്രസിന്‍റെ ദേശീയ നേതാവ് അഹമ്മദ് പട്ടേല്‍ രാജ്യസഭയിലേക്ക് മത്സരിക്കുന്നു. പക്ഷേ കോൺഗ്രസ് എംഎല്‍എമാർ കൂറുമാറും എന്ന പ്രചാരണം ശക്തമായപ്പോൾ ഡികെ ശിവകുമാറിനെയാണ് ഹൈക്കമാൻഡ് രക്ഷകനായി കണ്ടത്.
44 കോൺഗ്രസ് എംഎല്‍എമാരെ ലോക നിലവാരത്തിലുള്ള ഈഗിൾടൺ റിസോർട്ടിലേക്ക് മാറ്റുന്നതിന് പിന്നിലും അന്ന് ഡികെയായിരുന്നു. കോൺഗ്രസ് എംഎല്‍എമാരെ റിസോർട്ടിലൊളിപ്പിച്ച ശിവകുമാർ, അഹമ്മദ് പട്ടേലിനെ വിജയിപ്പിച്ചു. അതിന് ബിജെപി പ്രതികാരം ചെയ്‌തത് ശിവകുമാറിന്‍റെ വീടുകളിലും ഓഫീസുകളിലും നടത്തിയ തുടർച്ചയായ ഇൻകം ടാക്‌സ് റെയിഡുകളുമായാണ്. നികുതിവെട്ടിപ്പിന്‍റെ പേരില്‍ കേസെടുത്തും ശിവകുമാറിനെ പിടിച്ചുകെട്ടാൻ ബിജെപി ആവുന്നതും ശ്രമിച്ചു.
അറസ്റ്റും ജയിലും: 2018ലെ കർണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ ജയിച്ച കോൺഗ്രസ് എംഎല്‍എമാരെ ബിജെപി ചാക്കിട്ടു പിടിച്ചപ്പോൾ ശിവകുമാർ അവരെ തിരികെയെത്തിക്കാൻ നടത്തിയ ശ്രമം മാധ്യമങ്ങളിലൂടെ രാജ്യം കണ്ടതാണ്. കോൺഗ്രസ് എംഎല്‍എമാരെ ചാക്കിട്ടു പിടിക്കാൻ ബിജെപി ശ്രമം നടത്തുന്നുണ്ടെന്ന വാർത്തൾക്ക് പിന്നാലെ ആറ് ബിജെപി എംഎല്‍എമാരെ സ്വന്തം പാളയത്തിലെത്തിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നതായും വാർത്തകൾ വന്നു. ബിജെപി എംഎല്‍എമാരുമായി അന്ന് ചർച്ച നടത്തിയത് ശിവകുമാറായിരുന്നു. ബിജെപിയുടെ ഓപ്പറേഷന് അതേ നാണയത്തില്‍ തിരിച്ചടിയായിരുന്നു അത്.
2019ല്‍ എംഎല്‍എമാരെ മുംബെയിലേക്ക് കടത്താൻ ശ്രമം നടക്കുന്നുണ്ടെന്ന് അറിഞ്ഞ ശിവകുമാർ വിമാനത്താവളത്തിലെത്തി. പക്ഷേ ചാർട്ടേഡ് വിമാനത്തില്‍ അവർ മുംബെയിലേക്ക് പറന്നു. പക്ഷേ ശിവകുമാർ തോല്‍ക്കാൻ ഒരുക്കമായിരുന്നില്ല. അതിവേഗം അടുത്ത വിമാനത്തില്‍ ശിവകുമാറും മുംബൈയിലെത്തി. പക്ഷേ എംഎല്‍എമാരെ കാണാനായില്ല. റിസോർട്ടിന് പുറത്ത് സായുധരായ പൊലീസ് ശിവകുമാറിനെ തടഞ്ഞു. എന്‍റെ കയ്യില്‍ ഒരു ആയുധവുമില്ല. എനിക്ക് എന്‍റെ എംഎല്‍എമാരെ കാണണം. എന്ന് പറഞ്ഞെങ്കിലും ശിവകുമാറിനെ അറസ്റ്റ് ചെയ്‌താണ് ആ നീക്കം ബിജെപി പൊളിച്ചത്.
പ്രായോഗിക രാഷ്ട്രീയത്തില്‍ ഡികെയോളം പയറ്റിത്തെളിഞ്ഞ നേതാക്കൻമാർ കോൺഗ്രസില്‍ ഒരു പക്ഷേ ഇന്ന് ആരുമുണ്ടാകില്ല. കാരണം സാക്ഷാല്‍ അമിത് ഷാ നേരിട്ടെത്തി ബിജെപിയിലേക്ക് ക്ഷണിച്ചിട്ടും ശിവകുമാർ കോൺഗ്രസ് വിട്ടില്ല. കിട്ടിയ വാഗ്‌ദാനങ്ങളോട് പ്രതികരിച്ചില്ല. വർഷങ്ങളായി എൻഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റും ഇൻകംടാക്‌സ് ഡിപ്പാർട്ട്‌മെന്‍റും വീടും ഓഫീസും റെയ്‌ഡ് ചെയ്‌തും ജയിലിലടച്ചിട്ടും ഡികെ കുലുങ്ങിയില്ല, കോൺഗ്രസ് വിട്ടതുമില്ല. 2017 ല്‍ ശിവകുമാർ സംസ്ഥാന മന്ത്രിയായിരിക്കെ അദ്ദേഹത്തിന്‍റെ വീട്ടില്‍ നടന്ന റെയിഡില്‍ എട്ട് കോടി രൂപ പിടിച്ചെടുത്തത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു.
2019ല്‍ വീണ്ടും റെയ്‌ഡ്.. സെപ്‌റ്റംബറില്‍ എൻഫോഴ്‌സ്‌മെന്‍റിന്‍റെ അറസ്റ്റ്. ഒടുവില്‍ ഒക്‌ടോബർ വരെ തിഹാർ ജയിലില്‍ കഴിഞ്ഞ ശിവകുമാർ ജയില്‍ മോചിതനായ ശേഷം പൂർവാധികം കരുത്തനായാണ് കർണാടക കോൺഗ്രസിലേക്ക് തിരിച്ചെത്തിയത്. ഡികെയ്ക്ക് രാഷ്ട്രീയത്തില്‍ കരുത്തായി ഒപ്പമുള്ളത് സഹോദരനും കോൺഗ്രസ് നേതാവും ബാംഗ്ലൂർ റൂറലില്‍ നിന്നുള്ള എംപിയും മുൻ കർണാടക മന്ത്രിയുമായ ഡികെ സുരേഷാണ്.
കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ: 2020 ജൂലൈയിലാണ് ഡികെ ശിവകുമാർ കർണാടക കോൺഗ്രസ് അധ്യക്ഷനായി ഔദ്യോഗികമായി ചുമതലയേല്‍ക്കുന്നത്. അതുവരെ പ്രതിസന്ധി ഘട്ടത്തില്‍ കോൺഗ്രസിന്‍റെ രക്ഷകൻ എന്ന റോളില്‍ നിന്ന് കർണാടക കോൺഗ്രസിന്‍റെ അധ്യക്ഷനായപ്പോൾ ഡികെ പറഞ്ഞത്, ബിജെപിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കുക എന്നത് മാത്രമാണ് ലക്ഷ്യമെന്നാണ്. അതാണ് 2023 മെയ് മാസത്തില്‍ യാഥാർഥ്യമാകുന്നതും.
കർണാടകത്തിലെ വിദ്യാർഥി രാഷ്ട്രീയത്തില്‍ പയറ്റിത്തെളിഞ്ഞ് സംസ്ഥാന കോൺഗ്രസിന്‍റെ തലപ്പത്ത് എത്തിയ ഡികെ ശിവകുമാറിന് ഗ്രാനൈറ്റ് മൈനിങ്, റിയല്‍ എസ്‌റ്റേറ്റ്, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിങ്ങനെ വൻകിട ബിസിനസ് സാമ്രാജ്യവുമുണ്ട്. കോൺഗ്രസിന് എന്നും കരുത്തായി ഡികെ ഉണ്ടാകും എന്ന് കോൺഗ്രസ് പ്രവർത്തകർക്കുണ്ടായ വിശ്വാസമാണ് അഞ്ച് വർഷം അധികാരത്തിന് പുറത്ത് നിന്ന ശേഷം 2023ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കോൺഗ്രസ് ശക്തമായി തിരിച്ചുവന്ന് അധികാരത്തിലെത്തിയത്.
എന്നും എവിടെയും പരസ്‌പരം പോടിച്ചു നിന്ന കോൺഗ്രസ് നേതാക്കൻമാരെ ഡികെ ഒപ്പം ചേർത്തു നിർത്തി. ഹൈക്കമാൻഡിന്‍റെ സമ്പൂർണ വിശ്വസ്‌തൻ എന്ന നിലയില്‍ കോൺഗ്രസിന്‍റെ ഇടത്തരം ദേശീയ നേതാക്കൻമാർക്ക് കർണാടക രാഷ്ട്രീയത്തില്‍ ഇടപെടാൻ ഇത്തവണ ശിവകുമാർ അവസരം നല്‍കിയില്ല. പകരം എല്ലാം നേരിട്ട് നയിച്ചു. ദേശീയ നേതൃത്വവും സംസ്ഥാന നേതൃത്വവും തമ്മില്‍ ഇടനിലക്കാരുണ്ടായില്ല. സ്ഥാനാർഥി നിർണയത്തില്‍ അസ്വാരസ്യങ്ങളുണ്ടായില്ല.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെയാണ് കോൺഗ്രസ് പരിഗണിക്കുന്നത് എന്ന ചോദ്യം പലതവണ ഉയർന്നു വന്നപ്പോൾ സിദ്ധരാമയ്യയെ പിണക്കാതെ പരസ്‌പരം ഒന്നിച്ച് നിന്ന് കോൺഗ്രസിന് ആവശ്യമായ കേവല ഭൂരിപക്ഷത്തെ കുറിച്ച് പ്രവർത്തകരോട് സംസാരിച്ചു. തൂക്കുസഭയല്ല കർണാടകയ്ക്ക് വേണ്ടത് അഴിമതി വിരുദ്ധ സർക്കാരാണ് എന്ന് കർണാടകയിലെ ജനങ്ങളെ ധരിപ്പിച്ചു. അത് വോട്ടായി.... സാക്ഷാല്‍ നരേന്ദ്രമോദിയുടെ പ്രചാരണത്തെയും പ്രഭാവത്തെയും മറികടന്നാണ് ഡികെ ശിവകുമാറിന്‍റെ നേതൃത്വത്തില്‍ കോൺഗ്രസിന്‍റെ വിജയമെന്നതും ശ്രദ്ധേയമാണ്.