ബെംഗളൂരു : കോൺഗ്രസ് പാർട്ടിയാണ് ദൈവവും അമ്മയുമെന്ന് കെപിസിസി അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍. 'പാര്‍ട്ടിയെ പിന്നില്‍ നിന്ന് കുത്തില്ല, ബ്ലാക്ക് മെയില്‍ ചെയ്യില്ല, കുട്ടികൾക്ക് എന്ത് നൽകണമെന്ന് ദൈവത്തിനും അമ്മയ്ക്കും അറിയാം. എന്‍റെ ദൈവത്തെ കാണാൻ ഞാൻ ക്ഷേത്രത്തിൽ പോകുന്നു. ഒറ്റയ്ക്ക് വരാൻ പറഞ്ഞു. അതിനാൽ ഒറ്റയ്ക്ക് പോകുന്നു' - ഡൽഹിയിലേക്ക് പോകാനുള്ള തീരുമാനത്തെ കുറിച്ച് ഡികെ ശിവകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
'കോൺഗ്രസ് പാർട്ടിയാണ് എന്‍റെ ക്ഷേത്രം, എന്‍റെ ജോലി എന്നും ചെയ്‌തിട്ടുണ്ട്. ജനങ്ങൾ വിശ്വസിക്കുകയും എന്നെ ശാക്തീകരിക്കുകയും ചെയ്‌തു. സംസ്ഥാനത്തെ ജനങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിക്കാൻ ഇനിയും ഞാൻ കഠിനമായി പരിശ്രമിക്കും' - അദ്ദേഹം കൂട്ടിച്ചേർത്തു.
മികച്ച ഭൂരിപക്ഷത്തിൽ കോൺഗ്രസ് അധികാരത്തിലേറിയ കർണാടകയിൽ മുഖ്യമന്ത്രി പദം സംബന്ധിച്ച് പ്രതിസന്ധി തുടരവെയാണ് ഡി.കെ ശിവകുമാറിന്‍റെ വാക്കുകള്‍. സിദ്ധരാമയ്യയ്‌ക്കൊപ്പം മുഖ്യമന്ത്രി പദവി ആഗ്രഹിക്കുന്ന കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെപിസിസി) അധ്യക്ഷന്‍, തുടർചർച്ചകൾക്കായി ഡൽഹിക്ക് തിരിക്കുകയായിരുന്നു. രാവിലെ 9.50ന് ദേവനഹള്ളി കെംപഗൗഡ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് വിസ്‌താര വിമാനത്തിലാണ് ഡികെ ശിവകുമാർ ഡൽഹിയിലേക്ക് തിരിച്ചത്.
കർണാടകയിലെ കോൺഗ്രസിന്‍റെ മിന്നും വിജയത്തിന് പിന്നിലെ ചാണക്യന്മാരായിരുന്നു ഡികെ ശിവകുമാറും സിദ്ധരാമയ്യയും. ഇരുവരും ഒരുപോലെ മുഖ്യമന്ത്രി പദം അർഹിക്കുന്നവരാണ്. എന്നാൽ മുതിർന്ന നേതാവെന്ന നിലയിൽ മുഖ്യമന്ത്രിയാകാൻ സിദ്ധരാമയ്യയ്ക്കാണ് സാധ്യത കൂടുതൽ. ഇന്നലെ രാജ്യതലസ്ഥാനത്ത് എത്തേണ്ടിയിരുന്ന ശിവകുമാറിന് അരോഗ്യ പ്രശ്‌നങ്ങളെത്തുടര്‍ന്ന് എത്താനായിരുന്നില്ല.
മുൻ എഐസിസി അധ്യക്ഷ സോണിയ ഗാന്ധി ഇന്ന് ഷിംലയിൽ നിന്ന് ഡൽഹിയില്‍ എത്തും. ചർച്ചകൾക്കൊടുവിൽ ഇന്ന് തന്നെ കര്‍ണാടക മുഖ്യമന്ത്രി ആരെന്ന തീരുമാനം എടുക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.