ന്യൂഡല്‍ഹി:പരസ്‌പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് ആറുമാസം നിര്‍ബന്ധിത കാത്തിരിപ്പ് കാലാവധി ആവശ്യമില്ലെന്നറിയിച്ച് സുപ്രീം കോടതി. പരസ്‌പര സമ്മതത്തോടെ വിവാഹമോചനത്തിന് അപേക്ഷ നൽകി ആറ് മാസത്തോളം കാത്തിരിക്കേണ്ടിവരുന്ന അസന്തുഷ്‌ടരായ ദമ്പതികൾക്ക് വലിയ ആശ്വാസമായാണ് കോടതി വിധിയെത്തുന്നത്. ഉഭയകക്ഷി സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് ആറ് മാസത്തെ നിർബന്ധിത കാത്തിരിപ്പ് കാലയളവില്‍ ചില നിബന്ധനകൾക്ക് വിധേയമായി ഭരണഘടനയുടെ 143-ാം അനുച്ഛേദ പ്രകാരം പ്രത്യേക അധികാരം നൽകി വിവാഹബന്ധം വേർപെടുത്താമെന്ന് സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് വ്യക്തമാക്കിയത്.
ആവശ്യങ്ങളും ശുപാർശകളും മുമ്പേ: ഇതുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ വാദം കേള്‍ക്കുമ്പോഴാണ് 'തുടര്‍ന്നുപോവാനാവാത്ത ദാമ്പത്യ തകർച്ച'യുടെ പേരില്‍ സുപ്രീം കോടതിക്ക് വിവാഹം അസാധുവാക്കാനാകുമെന്ന് സുപ്രീം കോടതി തിങ്കളാഴ്‌ച അറിയിച്ചത്. അതേസമയം 1955ലെ ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷൻ 13 ബി പ്രകാരം വിവാഹമോചന നടപടികൾ ആരംഭിക്കാൻ ദമ്പതികൾ കുടുംബ കോടതിയെ സമീപിക്കേണ്ടതുണ്ട്. മാത്രമല്ല ഉഭയകക്ഷി സമ്മതത്തോടെയുള്ള വിവാഹമോചന കേസുകളില്‍ നിയമപ്രകാരം ആറ് മാസത്തെ കാത്തിരിപ്പ് കാലയളവ് നിർബന്ധവുമാണ്. അതിനുശേഷം മാത്രമെ വിവാഹം വേർപെടുത്താന്‍ കഴിയുമായിരുന്നുള്ളു. ലോ കമ്മിഷന്‍റെ ആവർത്തിച്ചുള്ള ശുപാർശകൾ ഉണ്ടായിരുന്നിട്ടും ഈ ആറ് മാസത്തെ കാത്തിരിപ്പ് കാലയളവിന് മുമ്പ് വിവാഹമോചനം തേടുന്ന ദമ്പതികൾക്ക് നിയമപരമായ സാധ്യതകളില്ലായിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് സുപ്രീം കോടതിയുടെ വിധിയെത്തുന്നത്.
ദാമ്പത്യ തകർച്ചയുടെ കാരണങ്ങള്‍ മുഖ്യം: ഭരണഘടനയുടെ 143-ാം അനുച്ഛേദ പ്രകാരം നൽകിയിട്ടുള്ള വിവേചനാധികാരം അനുസരിച്ച് തുടര്‍ന്നുപോവാനാവാത്ത വിവാഹങ്ങൾ പിരിച്ചുവിടാൻ സുപ്രീം കോടതിക്ക് ഇപ്പോൾ കഴിയും. 'തുടര്‍ന്നുപോവാനാവാത്ത ദാമ്പത്യ തകർച്ച' എന്നത് നിര്‍ണയിക്കാന്‍ കഴിയുന്ന ഘടകങ്ങളും കോടതി വ്യക്തമാക്കുന്നുണ്ടെന്നും ജസ്‌റ്റിസ് സഞ്‌ജയ് കിഷന്‍ കൗള്‍, സഞ്‌ജീവ് ഖന്ന, എഎസ് ഓക്ക, വിക്രം നാഥ്, ജെ.കെ മഹേശ്വരി എന്നിവരുള്‍പ്പെടുന്ന ഭരണഘടന ബെഞ്ച് അറിയിച്ചു. ഇതുപ്രകാരം ജീവനാംശം, കുട്ടികളുടെ അവകാശങ്ങൾ, അറ്റകുറ്റ ചെലവുകള്‍ എന്നിവയുമായി ബന്ധപ്പെട്ട് എങ്ങനെ സന്തുലിതമാക്കാമെന്നും ബെഞ്ച് വ്യക്തമാക്കി. എന്നാല്‍ പരസ്‌പര സമ്മതത്തോടെ വിവാഹമോചനത്തിനുള്ള നിർബന്ധിത കാത്തിരിപ്പ് കാലയളവ് പൂര്‍ണമായി റദ്ദാക്കണമെന്ന് ഹര്‍ജിക്കാർ ആവശ്യപ്പെട്ടെങ്കിലും 'തുടര്‍ന്നുപോവാനാവാത്ത ദാമ്പത്യ തകർച്ച'യുടെ കാരണം പരിഗണിച്ച് വിവാഹങ്ങൾ വേർപെടുത്താൻ കഴിയുമോ എന്ന് പരിശോധിക്കാനും ഭരണഘടന ബെഞ്ച് കൂട്ടിച്ചേര്‍ത്തു.
ലിവ് ഇന്‍ ബന്ധങ്ങളിലും ഹര്‍ജി:അടുത്തിടെ എല്ലാ ലിവ് ഇന്‍ ബന്ധങ്ങളും രജിസ്‌ട്രേഷന്‍ ചെയ്യാനുള്ള മാനദണ്ഡങ്ങൾ കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാത്‌പര്യ ഹർജി സുപ്രീം കോടതി തള്ളിയിരുന്നു. ആളുകളുടെ സുരക്ഷിതത്വം സംബന്ധിച്ചാണോ അതോ ലിവ് ഇന്‍ ബന്ധങ്ങളിൽ ഏർപ്പെടരുതെന്ന ആഗ്രഹത്തിന്‍റെ പുറത്താണോ ഹര്‍ജിയെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ച് ഹര്‍ജിക്കാരനോട് ചോദിച്ചിരുന്നു. ഹർജിക്കാരനായി അഭിഭാഷകയായ മംമ്ത റാണിയായിരുന്നു കോടതിയില്‍ ഹാജരായത്. എന്നാല്‍ സാമൂഹിക സുരക്ഷ വർധിപ്പിക്കാനാണ് ലിവ് ഇന്‍ ബന്ധം രജിസ്റ്റർ ചെയ്യണമെന്ന് ഹർജിക്കാരൻ ആവശ്യപ്പെട്ടതെന്ന് അഭിഭാഷക സുപ്രീം കോടതിക്ക് മുന്‍പാകെ മറുപടി നൽകി.