ന്യൂഡൽഹി: കേന്ദ്ര സായുധ പൊലീസ് സേനകളുടെ (Central Armed Police Forces) 11,000 വാഹനങ്ങൾ പൊളിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാർ. 15 വർഷത്തിലേറെ പഴക്കമുള്ള എല്ലാ സർക്കാർ വാഹനങ്ങളും പൊളിക്കാനുള്ള കേന്ദ്ര സർക്കാർ നയത്തിന്‍റെ ഭാഗമായാണ് നീക്കം. ബിഎസ്എഫ്, സിആർപിഎഫ്, സിഐഎസ്എഫ് തുടങ്ങിയ പൊലീസ് സേനകളുടെ വാഹനങ്ങളാകും പൊളിക്കുക എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഇന്ത്യ ഗവൺമെന്‍റിന്‍റെ 'വെഹിക്കിൾ സ്‌ക്രാപ്പിങ് പോളിസി' (Vehicle Scrapping Policy) അനുസരിച്ച് 15 വർഷത്തിലധികം പഴക്കമുള്ള സായുധ പൊലീസ് സേനകളുടെ വാഹനങ്ങൾ പൊളിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നാണ് അധികൃതർ തിങ്കളാഴ്‌ച അറിയിച്ചത്. ഇതോടനുബന്ധിച്ച് 15 വർഷത്തിലധികം പഴക്കമുള്ള 11,000 സിഎപിഎഫ് (CAPF) വാഹനങ്ങൾ കണ്ടെത്തി. ഈ വാഹനങ്ങൾ ഘട്ടം ഘട്ടമായി പൊളിക്കുമെന്നും അധികൃതർ പറഞ്ഞു.