ചെന്നൈ :ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രശസ്‌ത സംവിധായകനും നടനുമായ ഭാരതിരാജയുടെ ആരോഗ്യനില തൃപ്‌തികരം. ഭാരതിരാജയുടെ ആരോഗ്യനില സംബന്ധിച്ച മെഡിക്കല്‍ ബുള്ളറ്റിന്‍ ആശുപത്രി അധികൃതര്‍ പുറത്തുവിട്ടു. അദ്ദേഹത്തിന് ബോധം തിരിച്ചുകിട്ടിയെന്നും ഇപ്പോള്‍ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.
സംവിധായകന്‍ ഭാരതിരാജയുടെ ആരോഗ്യനില തൃപ്‌തികരം നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന അദ്ദേഹത്തിന്‍റെ ആരോഗ്യനില നീരിക്ഷിച്ചുവരികയാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പാണ് 81കാരനായ ഇതിഹാസ സംവിധായകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഡോക്‌ടര്‍മാരും ആശുപത്രി ജീവനക്കാരും തന്നെ മികച്ച രീതിയിലാണ് പരിചരിക്കുന്നതെന്നും ചട്ടങ്ങള്‍ക്ക് വിരുദ്ധമായതിനാലാണ് തന്നെ ആശുപത്രിയില്‍ സന്ദര്‍ശിക്കരുതെന്നും അദ്ദേഹത്തിന്‍റെ പ്രസ്‌താവനയും കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ വന്നു. ഡോക്‌ടർമാരുടെയും മെഡിക്കൽ സ്റ്റാഫുകളുടെയും പരിചരണത്താൽ ഞാൻ സുഖം പ്രാപിച്ചുവരികയാണ്. ഉടൻതന്നെ എല്ലാവരെയും നേരിട്ട് കാണാമെന്ന് പ്രതീക്ഷിക്കുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരമറിഞ്ഞ് ഫോണിലൂടെയും അല്ലാതെയും എന്‍റെ സുഖവിവരങ്ങൾ തിരക്കുകയും ആരോഗ്യം വീണ്ടെടുക്കാൻ പ്രാർഥിക്കുകയും ചെയ്‌ത എല്ലാവരോടും ആത്മാർഥമായ നന്ദി രേഖപ്പെടുത്തുന്നുവെന്നും ഭാരതിരാജയുടെ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്‌തിട്ടുണ്ട്.
ധനുഷിന്‍റേതായി അടുത്തിടെ പുറത്തിറങ്ങിയ തിരുച്ചിത്രമ്പലമാണ് ഭാരതിരാജയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. സിനിമയില്‍ ശ്രദ്ധേയ പ്രകടനമാണ് നടന്‍ കാഴ്‌ചവച്ചത്. 1977ല്‍ 16 വയതിനിലെ എന്ന ചിത്രം സംവിധാനം ചെയ്‌തുകൊണ്ടാണ് തുടക്കം. സിഗപ്പൂ റോജാക്കള്‍, മണ്‍വാസനൈ, നിഴലുകള്‍, കിഴക്കേ പോകും റെയില്‍, അലൈഗള്‍ ഓയിവതില്ലൈ ഉള്‍പ്പടെയുള്ളവയെല്ലാം ഭാരതിരാജയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ശ്രദ്ധേയ ചിത്രങ്ങളാണ്.