ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഭരണത്തില്‍ തിരിച്ചെത്തിയാല്‍ ആര്‍ട്ടിക്കിള്‍ 370 പുന:സ്ഥാപിയ്ക്കുമെന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്ങിന്‍റെ പ്രസ്‌താവനയെ പിന്തുണച്ച് താരിഖ് അൻവർ. വിഷയത്തില്‍ കോണ്‍ഗ്രസിന്‍റെ നിലപാട് തന്നെയാണ് ദിഗ്‌വിജയ് സിങ് വ്യക്തമാക്കിയതെന്ന് എഐസിസി ജനറൽ സെക്രട്ടറി പറഞ്ഞു.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ എന്‍ഡിഎ സര്‍ക്കാരിനെ കടന്നാക്രമിച്ച താരിഖ് അന്‍വര്‍ പാകിസ്ഥാന് ഇന്ത്യയെ അന്താരാഷ്ട്ര വേദികളില്‍ വിമര്‍ശിയ്ക്കാനുള്ള അവസരമാണ് നല്‍കിയതെന്നും കുറ്റപ്പെടുത്തി. ആർട്ടിക്കിൾ 370 റദ്ദാക്കിയ സമയം മുതല്‍ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി പറയുന്ന അതേ കാര്യം തന്നെയാണ് ദിഗ്‌വിജയ് സിങ് പറഞ്ഞത്.
Read more: കോൺഗ്രസ് സംസാരിക്കുന്നത് പാകിസ്ഥാന്‍റെ ഭാഷ: മധ്യപ്രദേശ് മുഖ്യമന്ത്രി
ആർട്ടിക്കിൾ 370 പുനസ്ഥാപിക്കുന്നതിനെക്കുറിച്ചല്ല പുനപരിശോധിക്കുന്നതിനെക്കുറിച്ചാണ് ദിഗ്‌വിജയ് സിങ് സംസാരിച്ചതെന്നും അദ്ദേഹം പറഞ്ഞു. ആർട്ടിക്കിൾ 370 റദ്ദാക്കാനുള്ള എന്‍ഡിഎ സര്‍ക്കാരിന്‍റെ തീരുമാനത്തെ പാർലമെന്‍റിനകത്തും പുറത്തും കോൺഗ്രസ് പാർട്ടി എതിർത്തിരുന്നു. അന്ന് സ്വീകരിച്ച അതേ നിലപാട് തന്നെയാണ് പാര്‍ട്ടിയ്ക്ക് ഇപ്പോഴുമുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിഗ്‌വിജയ് സിങിന്‍റെ പ്രസ്‌താവന
കേന്ദ്രത്തിൽ അധികാരത്തിൽ തിരിച്ചെത്തിയാൽ ആർട്ടിക്കിൾ 370 സംബന്ധിച്ച് കോൺഗ്രസ് പാർട്ടി എന്ത് തീരുമാനമെടുക്കുമെന്ന പാകിസ്ഥാൻ മാധ്യമപ്രവർത്തകന്‍റെ ചോദ്യത്തിനായിരുന്നു ദിഗ് വിജയ് സിങ്ങിന്‍റെ മറുപടി. ക്ലബ് ഹൗസ് ചാറ്റിലായിരുന്നു പ്രതികരണം. ക്ലബ് ഹൗസ് ചാറ്റിന്‍റെ ഓഡിയോ ക്ലിപ്പ് ബിജെപി നേതാവ് അമിത് മാളവ്യ പുറത്തുവിട്ടതോടെ വിമര്‍ശനവുമായി ബിജെപി രംഗത്തെത്തുകയായിരുന്നു.