ജയ്‌പൂർ:പെഗാസസ് ഫോൺ ചോർച്ച ആരോപണം ശക്തമാകുന്നതിനിടെ ബിജെപിക്കെതിരെ കോൺഗ്രസ് വീണ്ടും രംഗത്ത്. ഇന്ത്യക്കെതിരെയും രാജ്യത്തെ സ്വയം ഭരണ സ്ഥാപനങ്ങൾക്കെതിരെയുമാണ് പ്രധാനമന്ത്രിയും കേന്ദ്രആഭ്യന്തരമന്ത്രിയും പെഗാസസ് ഉപയോഗിച്ചതെന്നും ഇത് രാജ്യദ്രോഹമാണെന്നും പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു.
2014, 2019 ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലങ്ങളിൽ കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ് ആശങ്ക പ്രകടിപ്പിച്ചു. നിലവിലെ സർക്കാർ നുണകൾ പറയാൻ മിടുക്കരാണെന്നും എന്തുമാത്രം വ്യാജ വാഗ്ദാനങ്ങളാണ് ഈ സർക്കാർ നൽകിയതെന്നും സിങ് വിശദീകരിച്ചു. കഴിഞ്ഞ രണ്ട് ലോക്‌സഭ തെരഞ്ഞെടുപ്പുകളിലും ബിജെപി ഇവിഎം മെഷീനുകൾ ദുരുപയോഗപ്പെടുത്തിയെന്ന് ആരോപണം ഉയർന്നിരുന്നു.
2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷം പ്രതിപക്ഷ പാർട്ടികൾ തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരുന്നു. ഇവിഎം മെഷീനുകളിൽ ക്രമക്കേട് നടന്നുവെന്ന് ആരോപിച്ചാണ് പ്രതിപക്ഷ പാർട്ടികൾ കമ്മിഷനെ സമീപിച്ചത്. എന്നാൽ തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രതിപക്ഷ ആരോപണങ്ങളെ തള്ളിക്കളയുകയായിരുന്നു.
പാർലമെന്‍റിന് മുന്നിൽ പ്രതിഷേധം
കോൺഗ്രസ്, ഡിഎംകെ, ശിവസേന അടക്കമുള്ള രാഷ്‌ട്രീയ പാർട്ടികൾ പാർലമെന്‍റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിലെ പ്രതിഷേധത്തിന്‍റെ ഭാഗമായി. വിഷയത്തിൽ സുപ്രീം കോടതിയുടെ നേതൃത്വത്തിലുള്ള ജുഡിഷ്യൽ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം. '#പെഗാസസ് സ്‌നൂപ് ഗേറ്റ്' ബാനറുകളുമായാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്.
READ MORE:പെഗാസസ് തീവ്രവാദത്തിനെതിരെ വികസിപ്പിച്ചെടുത്ത ആയുധമെന്ന് രാഹുല്‍ ഗാന്ധി