തിരുവനന്തപുരം:യുണൈറ്റഡ് നേഷൻസ് എൻവയോൺമെന്‍റ് പ്രോഗ്രാം (UNEP), ലോകാരോഗ്യ സംഘടന (WHO) എന്നിവയുമായി സഹകരിച്ച് വിജ്ഞാന ശിൽപശാല സംഘടിപ്പിക്കാനൊരുങ്ങി കേരള ഡിജിറ്റൽ സർവകലാശാല. 'ദുരന്ത നിവാരണത്തിൽ ഡിജിറ്റൽ സാങ്കേതികവിദ്യകളുടെ ഏകീകരണം' എന്ന വിഷയത്തിൽ രണ്ടാഴ്‌ചത്തെ വിജ്ഞാന ശിൽപശാല സംഘടിപ്പിക്കാനാണ് ഡിജിറ്റൽ സർവകലാശാല തീരുമാനിച്ചിരിക്കുന്നത്. മെയ് 16ന് ആരംഭിക്കുന്ന ശിൽപശാല മെയ് 27ന് സമാപിക്കും.
സാങ്കേതികവിദ്യയിലൂടെ ദുരന്ത നിവാരണം: ദുരന്തങ്ങളെ ചെറുക്കുന്നതിൽ ഡിജിറ്റൽ സാങ്കേതികവിദ്യകളുടെ വിശാലമായ ഉപയോഗത്തിന് തടസമാകുന്ന കഴിവുകളുടെ അഭാവവും ധാരണക്കുറവും പരിഹരിക്കുക എന്നതാണ് ശിൽപശാലയുടെ ലക്ഷ്യം. ബ്രിട്ടീഷ് കൗൺസിലിന്‍റെ ഗോയിങ് ഗ്ലോബൽ പാർട്‌ണർഷിപ്പ് എക്‌സ്‌പ്ലോറേറ്ററി ഗ്രാന്‍റിന്‍റെ സഹായത്തോടെ, കേരള ഡിജിറ്റൽ സർവകലാശാല അസിസ്റ്റന്‍റ് പ്രൊഫസർ സിന്നു സൂസൻ തോമസ്, യുകെയിലെ സതാംപ്‌റ്റൺ യൂണിവേഴ്‌സിറ്റി ലെക്‌ചറർ എഡിൽസൺ കെ. അറുഡ എന്നിവരുടെ സഹകരണത്തിന്‍റെ ഭാഗമായാണ് ശിൽപശാല.