ഹൈദരാബാദ്: ചിയാൻ വിക്രമിനെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്‌ത് പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ധ്രുവനച്ചത്തിരം. എന്നാൽ നിയമപ്രശ്‌നങ്ങളെ തുടർന്ന് ചിത്രത്തിന്‍റെ റിലീസ് തിയതി മാറ്റിവെച്ചതായി സംവിധായകൻ എക്‌സിലൂടെ അറിയിച്ചു (Vikram's Dhruva Natchathiram release postponed).
നവംബർ 24 ന് ഷെഡ്യൂൾ ചെയ്‌തിരുന്ന ചിത്രത്തിന്‍റെ റിലീസാണ് സാമ്പത്തിക പ്രതിസന്ധികളെ തുടർന്ന് മാറ്റിവെച്ചത്. ധ്രുവനച്ചത്തിരത്തിന്‍റെ റിലീസുമായി ബന്ധപ്പെട്ട് ഗൗതം വാസുദേവ് മേനോനും സംഘത്തിനുമെതിരെ മദ്രാസ് ഹൈക്കോടതി ഫയൽ ചെയ്‌ത രണ്ട് നിയമപരമായ കേസുകളിൽ നിന്നാണ് കാലതാമസം ഉണ്ടായതെന്നാണ് റിപ്പോർട്ട്.
'ക്ഷമിക്കണം. ധ്രുവനച്ചത്തിരം ഇന്ന് സ്‌ക്രീനുകളിൽ എത്തിക്കാനായില്ല. ഞങ്ങൾ പരമാവധി ശ്രമിച്ചിരുന്നു. പക്ഷേ ഒന്നോ രണ്ടോ ദിവസം കൂടി ആവശ്യമാണെന്ന് തോന്നുന്നു. മുൻകൂർ ബുക്കിംങും ലോകമെമ്പാടുമുള്ള ശരിയായ സ്‌ക്രീനുകളും എല്ലാവർക്കും മികച്ച അനുഭവം നൽകുമെന്ന് പ്രതീക്ഷിക്കുന്നു. ചിത്രത്തിനുളള ഹൃദയസ്‌പർശിയായ പിന്തുണ ഞങ്ങളെ മുന്നോട്ട് നയിക്കുന്നു. കുറച്ച് ദിവസങ്ങൾ കൂടി , ഞങ്ങൾ എത്തും!' എന്നായിരുന്നു ഗൗതം വാസുദേവ് മേനോൻ എക്‌സിലൂടെ ക്ഷമാപണമറിയിച്ചത്.
ചിത്രം റിലീസ് ചെയ്യുന്ന നവംബർ 24 ന് രാവിലെ 10.30 ന് മുമ്പ് തന്നെ കടം വാങ്ങിയ രണ്ട് കോടി രൂപ പ്രൊഡക്ഷൻ ഹൗസായ ഓൾ ഇൻ പിക്‌ചേഴ്‌സിന് തിരികെ നൽകാൻ സംവിധായകനോട് കോടതി നിർദ്ദേശിച്ചിരുന്നു. നിർഭാഗ്യവശാൽ നിശ്ചിത സമയപരിധിക്കുള്ളിൽ പണം തിരികെ നൽകാൻ കഴിയാത്തതിനാലാണ് റിലീസ് മാറ്റിവെക്കേണ്ടി വന്നത്.